gfc

ഇപ്പോള്‍ നമ്മളും

അഭിനയിച്ചു
അഭിനയിച്ചു
അഭിനയിച്ചു
കെട്ടിപ്പിടിക്കുന്നതായി അഭിനയിച്ചു
സ്നേഹിക്കുന്നതായി അഭിനയിച്ചു
ഉമ്മവെക്കുന്നതായി അഭിനയിച്ചു
ഒരുമിച്ച് കിടക്കുമ്പോള്‍
ഇതാണ് ജീവിതം
ഇതാണ് തൃപ്തി എന്ന്
മുഖഭാവം വരുത്തി

വീട്ടില്‍ നിന്നിറങ്ങിയാല്‍
നിന്നെയും കുട്ടികളെയും ഓര്‍ക്കാതെ
ഒരു നിമിഷം മുന്നോട്ടു പോവില്ലെന്ന്
മൊബൈല്‍ ഫോണിനെ ഒരുക്കിനിര്‍ത്തി
തുറക്കുക വാതിലേ
ഇതാ കഥാനായകന്‍ എന്ന്
പാതിരാത്രിയിലും വന്നിറങ്ങി
സമാഗമങ്ങളില്‍ നിലാവിനെ കുടിയിരുത്തി
നിന്റെ ദുര്‍ഗന്ധങ്ങളില്‍ മേഞ്ഞു നടക്കുവാന്‍
എന്റെ മൂക്ക് ഒരു പന്നിക്കുട്ടിയായി ഇറങ്ങിപ്പോയെന്ന്
സത്യത്തേക്കാള്‍ സൌന്ദര്യമുള്ള നുണകള്‍ പറഞ്ഞ്
ഹേ,വീട്ടുകാരീ എവിടേക്കാണീ വണ്ടി
നമ്മള്‍ ഉരുട്ടിക്കൊണ്ടുപോവുന്നത്?
മടുപ്പിന്റെ പൊളിച്ചാല്‍ തീരാത്ത ശല്‍ക്കങ്ങള്‍ക്കടിയില്‍
ഞാനുണ്ടോ?നീയുണ്ടോ?നമ്മുടെ വീടുണ്ടോ?
അവിടെങ്ങാന്‍ കുട്ടികള്‍ ഉറങ്ങുന്നുണ്ടോ?
ഓടിക്കളിക്കുന്നുണ്ടോ?
ജീവിതത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍
ഈ അഭിനയത്തിന്റെ സൂചി
എപ്പോഴാണ്,
എവിടെ നിന്നാണ് നാം കണ്ടെടുത്തത്?
ലോകം മുഴുവന്‍ അഭിനയിക്കുകയാവാം.
പൂവുകള്‍ പൂവുകളെന്ന്,
നദികള്‍ നദികളെന്ന്,
കാറ്റ് കാറ്റെന്ന്,
മരം മരമെന്ന്
അഭിനയിക്കുകയാവാം.
അതൊന്നും അങ്ങനെയല്ലെങ്കില്‍
ഈ വീട് വീടെന്ന് അഭിനയിക്കുന്നതിന്
നാമെന്ത് യുക്തി കണ്ടെത്തും?
നമ്മള്‍ നമ്മളെന്ന് അഭിനയിക്കുനതിന്
നാമെന്ത് യുക്തി കണ്ടെത്തും?
ദൂരെ എവിടെയോ കൈകള്‍ കൂട്ടിത്തിരുമ്മി
പ്രസവവാര്‍ഡിനു പുറത്തു നടക്കുന്ന അച്ഛനെപ്പോലെ ദൈവം.

അഭിനയിച്ചഭിനയിച്ച് അഭിനയം
അതല്ലാതായിത്തീരുന്നുണ്ട്.
ഒരു ക്ലോക്ക് അഭിനയിക്കുന്നില്ല
മിക്സി,ഫ്രിഡ്ജ്,വാഷിങ് മെഷീന്‍
ഇവയൊന്നും അഭിനയിക്കുന്നില്ല.
അവയൊന്നും ജീവിക്കുന്നുമില്ല.
ഇപ്പോള്‍ നമ്മളും...

2 അഭിപ്രായങ്ങൾ:

  1. സത്യത്തേക്കാൾ സൌന്ദര്യമുള്ള നുണ!

    മറുപടിഇല്ലാതാക്കൂ
  2. ഈ ജീവിതത്തിനിടയില്‍ വായിച്ച ഏറ്റവും നല്ല കവിതകളിലൊന്ന് എന്ന് അഭിനയിച്ച് കൊണ്ട് ഈ കവിത മുന്നില്.

    ഏറ്റവും നന്നായി അഭിനയിക്കുന്ന ഒരു കമന്റിനെ തേടി ഞാന്. കവിത ഒരു പാട് ഉള്ളിലായി

    മറുപടിഇല്ലാതാക്കൂ