gfc

ചില ദിവസങ്ങളെങ്കിലും കാല്പനികമാണ്

ഒരുവളുംഅവളുടെ പൂന്തോട്ടവും കിണറും
ഒഴുകിവരാറുണ്ട് എന്റെ നീലാകാശത്ത്
ചെടികളെ നനച്ചുകൊണ്ട്
കിണറ്റില്‍ നിന്ന് വെള്ളം വലിച്ചുകൊണ്ട്
ചുരുള്‍മുടിയുടെ ഒരു കുഞ്ഞു നദിയെ ഉലച്ചുകൊണ്ട്
അവളെന്നോട് ചിരിക്കാറുണ്ട്
അത്ര ഉയരത്തില്‍ നിന്ന്.

അവളുടെ വീട്
അവള്‍ ഉണക്കാനിടുന്ന പഞ്ഞിക്കിടക്കകള്‍
എല്ലാം അവളോടൊപ്പം അങ്ങനെ പോകും.
ആകാശത്തിന്റെ ഒരു കരയില്‍ നിന്ന് മറുകരയിലേക്ക്
മഴവെള്ളത്തിന്റെ അടരുകളിലൂടെ
അവള്‍ ഓടുകയോ നടക്കുകയോ ചെയ്യും
അവളുടെ കാലടികളില്‍ നിന്ന് ജലം തെറിച്ച്
ചില്ലുപൂവുകളുണ്ടാവും


എത്രയോ കാലത്തിനു ശേഷം
അവളെ ഞാനോര്‍ക്കുന്നു
അവളും അവളുടെ പൂന്തോട്ടവും
കിണറും വീടും ഉണക്കാനിട്ട പഞ്ഞിക്കിടക്കകളും
എവിടെയാണാവോ?

തെളിഞ്ഞു തെളിഞ്ഞു നീലമായിപ്പോയ
ആകാശത്തേക്ക് എന്റെ നിരാശ നോക്കും
ഒരു പകല്‍ അകത്തെ മുറിയില്‍
കണ്ണടയ്ക്കാതെ കിടക്കുമ്പോള്‍
മുറ്റത്ത് പരിചിതമായൊരു നിഴല്‍.
ഓടിച്ചെന്ന് മുകളിലേക്ക് നോക്കിയപ്പോള്‍ അവള്‍.
ഒഴുകിക്കൊണ്ടിരിക്കുന്ന കിണറ്റില്‍ നിന്ന്
ഒരു തൊട്ടി വെള്ളം കോരി
അവളെന്റെ മുഖത്തേക്കൊഴിച്ച് ചിരിച്ചു.
എല്ലാ ഇലകളും പൂവുകളും മരങ്ങളും കിളികളും
എന്നോടൊപ്പം നനഞ്ഞു ചിരിച്ചു.





9 അഭിപ്രായങ്ങൾ:

  1. kaalppanikamaaya ellaadivasangngalilum oru daarsanikan kavithayezhuthatte... :)

    മറുപടിഇല്ലാതാക്കൂ
  2. ഒരു കൊച്ചുകുട്ടിയുടെ കാഴ്ചയുടെ താഴെ വന്ന് ദാര്‍ശനികന്‍ എന്ന കുരുത്തംകെട്ട വാക്കുച്ചരിക്കാന്‍ എങ്ങനെ ധൈര്യംവന്നു സനല്‍!?

    ഐ ലവ്ഡ് ദിസ്. ബസിനെ പറപ്പിച്ച മാജിക്ക്!

    മറുപടിഇല്ലാതാക്കൂ
  3. എത്രയോ കാലത്തിനു ശേഷം :)

    മറുപടിഇല്ലാതാക്കൂ
  4. താങ്കളുടെ വരികള്‍ എന്നെ കവിയാക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  5. എല്ലാ ദിവസങ്ങളും കാല്പ്പനികമായെങ്കില്‍
    എന്ന് കൊതിച്ചുപോയി..
    (ദിവസോം ദിവസോം ഒന്നിനൊന്ന് സുന്ദരമായ
    കവിതകള്‍ തരുന്ന യന്ത്രം വല്ലോം കളഞ്ഞു കിട്ടിയോ:) )

    മറുപടിഇല്ലാതാക്കൂ
  6. എവിടെയാണാവോ?
    എങ്ങനെയാണാവോ

    മറുപടിഇല്ലാതാക്കൂ
  7. ..എല്ലാ ഇലകളും പൂവുകളും മരങ്ങളും കിളികളും
    എന്നോടൊപ്പം നനഞ്ഞു ചിരിച്ചു.

    ഞാനും ചിരിച്ചു.
    കാല്‍പ്പനികമാകട്ടെ എല്ലാദിവസങ്ങളും

    മറുപടിഇല്ലാതാക്കൂ
  8. ഇടയ്ക്കിങ്ങനെ നിധി പോലെ കളഞ്ഞു കിട്ടട്ടെ കാൽപ്പനികമായ ദിനങ്ങൾ..ആശംസകൾ...!

    മറുപടിഇല്ലാതാക്കൂ