gfc

മടക്കിവെക്കാത്തത്

ആര്‍ക്കും കയറിയിരിക്കാന്‍
ഇരുന്നുകൊടുക്കുന്ന കസേര
തന്റെ ജീവിതത്തെക്കുറിച്ചാലോചിച്ച്
ഒരേ ഇരുപ്പാണ്
മുന്‍‌പുറത്തുള്ള കസേര
പറമ്പിലെ വാഴക്കുണ്ടയെ
തെങ്ങുകളെ
വെയിലറയ്ക്കുമ്പോള്‍ പാടിത്തുള്ളി വരുന്ന
പൂത്താങ്കീരികളെ
ആവിപൊങ്ങുന്ന നട്ടുച്ചയെ
വെള്ളിവാര്‍പ്പുമായി വരുന്ന
കുംഭമാസ നിലാവിനെ
കുറ്റിരുട്ടില്‍ ഭയം ജപിക്കുന്ന കൂമനെ
എല്ലാറ്റിനേയും നിസ്സംഗമായി നേരിട്ട്
ഈ ഉമ്മറത്ത് ഒരേ ഇരിപ്പാണ്.
ആരാലും മടക്കിവെക്കപ്പെടരുതെന്ന്
പിറക്കും മുന്‍പേ തീര്‍ച്ചപ്പെടുത്തിയതിനാല്‍
നിങ്ങള്‍ക്ക് കയറിയിരിക്കാന്‍
അന്തമില്ലാത്ത ഈ ഇരുപ്പിനേക്കാള്‍
പാകവും പ്രതീകാത്മകവുമായ
ദുരന്തം വേറെയെന്തുണ്ട്?

1 അഭിപ്രായം:

  1. ഇതുപോലൊരു കവിത വായിച്ചിട്ട് ആരും ഒരഭിപ്രായവും പറഞ്ഞില്ലേ...!

    വിഷ്ണുമാഷേ, നല്ല കവിതയാണു കേട്ടോ..


    എവിടെ സനാതനന്‍, സുനീഷ്, പ്രമോദ്...

    മറുപടിഇല്ലാതാക്കൂ