gfc

പശു

ഒരു ദിവസമെങ്കിലും
കെട്ടുപൊട്ടിച്ച് ഓടിയില്ലെങ്കില്‍
സ്വാതന്ത്ര്യത്തെക്കുറിച്ച്
തനിക്കൊരു സ്വപ്നവുമില്ലെന്ന്
കരുതുമല്ലോ എന്ന് കരുതിയാവണം
ഇടയ്ക്കിടെ കയറു പൊട്ടിച്ച്
ഓടുമായിരുന്നു
അമ്മായീടെ പയ്യ്.

പയ്യ് മുന്‍പേ ,
അമ്മായി പിന്‍പേ.
മുന്നിലുള്ളതിനെ മുഴുവന്‍
കോര്‍ത്തുകളയും എന്ന മട്ട്.
ആരും മാറി നില്‍ക്കും.
പിടിക്കണേ തടുക്കണേ
എന്നൊക്കെ അമ്മായി.
കേട്ടത് തിരിച്ചറിയുമ്പോഴേക്കും
അമ്മായിയും പയ്യും
കടന്നു പോയിട്ടുണ്ടാവും.
രണ്ടു കിലോമീറ്റര്‍ ഓടിയാല്‍
പയ്യിന് ആവശ്യത്തിന് സ്വാതന്ത്ര്യമായി.
അണച്ചണച്ച് അതൊരിടത്ത് നില്‍ക്കും.
പണ്ടാരപ്പയ്യ് എന്ന് അതിന്റെ
നടുപ്പുറത്ത് ഒരടി വീഴും.
പിന്നെ രണ്ടാളും സാവകാശം
വീട്ടിലേക്ക്...

ഇത്ര സൌമ്യരായ രണ്ടു ജീവികളാണോ
കുറച്ചുമുന്‍പ് അങ്ങോട്ടു പോയതെന്ന്
അച്ചുവേട്ടന്റെ കടയില്‍ ചായ കുടിക്കുന്നവര്‍
മൂക്കത്ത് വിരല്‍ വെക്കും...

കയറുപൊട്ടിച്ചോടിയ
ആ രണ്ടു കിലോമീറ്ററാവണം
പശു പിന്നീടെപ്പോഴും അയവിറക്കുന്നത്.

44 അഭിപ്രായങ്ങൾ:

  1. അമ്പട കള്ളപ്പശുവേ, ഒരു രണ്ട് കിലോമീറ്റര്‍.
    എത്ര ക്ഷീണം വരുമെന്നറിഞ്ഞാലും, നടുവിന് അടി കിട്ടിയാലും ഓടും :)).

    മറുപടിഇല്ലാതാക്കൂ
  2. അകത്തളങ്ങളിലും വേലിക്കെട്ടിനകത്തുമായി ചുരന്നു തീരുന്ന അമ്മായിയും ഒരു പക്ഷേ ആ നടവഴികള്‍ക്ക്‌ പട്ടയം തീര്‍ത്തിട്ടുണ്ടാകാം അതിണ്റ്റെ അതിര്‍ത്തികളില്‍ ബാല്യത്തിണ്റ്റെ സര്‍വ്വേക്കല്ലുകള്‍ നാട്ടിയിട്ടുണ്ടാകാം

    മറുപടിഇല്ലാതാക്കൂ
  3. "കയറുപൊട്ടിച്ചോടിയ
    ആ രണ്ടു കിലോമീറ്ററാവണം
    പശു പിന്നീടെപ്പോഴും അയവിറക്കുന്നത്."
    അതു കലക്കി മാഷേ.
    :)

    മറുപടിഇല്ലാതാക്കൂ
  4. കിതയ്ക്കുമ്പോള്‍ ഇനി കയറുതന്നെ നന്ന് എന്ന് ചിന്തിക്കാറുണ്ട് മാഷേ ഞാനും.

    കുറെ നാളിനു ശേഷം ഒരു കവിത വായിച്ചു..നന്ദി

    മറുപടിഇല്ലാതാക്കൂ
  5. nice
    "കയറുപൊട്ടിച്ചോടിയ
    ആ രണ്ടു കിലോമീറ്ററാവണം
    പശു പിന്നീടെപ്പോഴും അയവിറക്കുന്നത്."

    nalla aashayam...

    മറുപടിഇല്ലാതാക്കൂ
  6. കയറു പൊട്ടിച്ച് നിങ്ങളോടുന്ന ദൂരങ്ങള്‍ തന്നെ ഞങ്ങള്‍ വായനക്കാരും ആര്‍ത്തിയോടെ, അതിശയത്തോടെ അയവിറക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  7. ഒരു ദിവസമെങ്കിലും
    കെട്ടുപൊട്ടിച്ച് ഓടിയില്ലെങ്കില്‍
    സ്വാതന്ത്ര്യത്തെക്കുറിച്ച്
    തനിക്കൊരു സ്വപ്നവുമില്ലെന്ന്
    കരുതുമല്ലോ എന്ന് കരുതിയാവണം
    ഇടയ്ക്കിടെ കയറു പൊട്ടിച്ച്
    ഓടുമായിരുന്നു
    അമ്മായീടെ പയ്യ്.

    കയറുപൊട്ടിച്ചോടിയ
    ആ രണ്ടു കിലോമീറ്ററാവണം
    പശു പിന്നീടെപ്പോഴും അയവിറക്കുന്നത്.

    Good

    മറുപടിഇല്ലാതാക്കൂ
  8. മാഷേ...
    ഒരിക്കല്‍ കൂടി അത്ഭുതപ്പെടുത്തി...
    കെട്ടഴിഞ്ഞ്‌ പോയ സ്വപ്നങ്ങളുടെ
    തിരിച്ചുവരുവായി തോന്നി...
    ശാന്തമായ ആ മടക്കയാത്ര....

    തീവ്രമായ രചനകള്‍ക്കായി ഇനിയും കാത്തിരിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  9. ഇതിഷ്ടപ്പെട്ടു..വളരെ

    മറുപടിഇല്ലാതാക്കൂ
  10. ഇത്ര ശാന്തമായ്‌ അതിനെ പറഞ്ഞ്‌ തീര്‍ത്തല്ലോ... അതിലാണ്‌ ഞാന്‍ വീണത്‌

    മറുപടിഇല്ലാതാക്കൂ
  11. നാടന്‍ കാഴ്ചകള്‍ക്ക് ഇത്ര ആഴമുണ്ടെന്നറിയാന്‍ നിങ്ങടെ കണ്ണും കാഴ്ചയും വേണം !

    മറുപടിഇല്ലാതാക്കൂ
  12. നല്ല കവിത..
    ഇനിയും കവിത കയറുപൊട്ടിക്കട്ടെ...
    അയവിറക്കുന്നത് കവിതയിലാകട്ടെ...
    ആശംസകള്‍.....

    മറുപടിഇല്ലാതാക്കൂ
  13. കയറ് പൊട്ടിച്ചോടുന്ന ജന്തുസഹജമായ ചോദനകള്... പറയാനുള്ളത് രഞ്ജിത് പറയുകയും ചെയ്തു.
    സൌമ്യമായ കവിത.
    ഓരോ പ്രാവശ്യവും ജയിലില് നിന്ന് ചാടിപ്പോയി പിടിക്കപ്പെടുന്ന ജയില്പുള്ളിയേയും ഓര്മ്മ വന്നു.

    മറുപടിഇല്ലാതാക്കൂ
  14. കയറുപൊട്ടിച്ചോടുന്നതിന്റെ ത്രില്‍.
    പിടിക്കപ്പെടുന്നതിന്റെ ത്രില്‍:)

    മറുപടിഇല്ലാതാക്കൂ
  15. പിന്നീട് അയവിറക്കാൻ വേണ്ടി ഒരിക്കലെങ്കിലും ഒന്നു കയറു പൊട്ടിക്കണം - നല്ല ഓർമ്മപ്പെടുത്തൽ...

    മറുപടിഇല്ലാതാക്കൂ
  16. കയറുപൊട്ടിച്ചോടിയ ഇത്തിരി സമയം മാത്രം അയവിറക്കാന്‍ പശുവിന്. മനുഷ്യനത്രയുമില്ല. ഒരു പാട് കയറുകളും അമ്മായിമാരും അനുനിമിഷം നമ്മളെ ബന്ധിപ്പിക്കുകയും, സ്നേഹിക്കുകയും, പുറകോട്ടു വലിക്കുകയും ചെയ്യുന്നു. നമ്മള്‍ക്കയവിറക്കാന്‍ ബന്ധനാവസ്ഥകള്‍‍ മാത്രം.
    നന്നായി വിഷ്ണു മാഷെ...

    മറുപടിഇല്ലാതാക്കൂ
  17. പടികടന്നു പുറത്തേയ്ക്ക് എന്നുമുള്ള ഈ ഓട്ടം അമ്മായിയ്ക്കും ഒരു വിനോദയാത്ര തന്നെയായിരുന്നില്ലെയെന്നു സംശയമുണ്ട്

    മറുപടിഇല്ലാതാക്കൂ
  18. maashe,

    kavitha valare ishtamaayi..

    nhanippol 40 thiladhikam varshangal kayarupotticchoodiya doorangale sawmyamaayi ayavirakkkan thudangiyirikkunnu....!

    മറുപടിഇല്ലാതാക്കൂ
  19. എല്ലാ മികച്ച കവിതകള്‍ക്കും ഉള്ളപോലെ ഈ കവിതയ്ക്കും അടിയന്തിരമായ ഒരു വ്യാഖ്യാന സാധ്യതയും ഭാവിയിലേക്കും ഭൂതകാലത്തിലേക്കും ചൂണ്ടുന്ന ചില വിരലുകളും ഉണ്ട്.

    1.ചുരുങ്ങിയ സ്ഥലപരിധിയിലെ സമകാലിക രാഷ്ട്രീയത്തെ നമുക്കിവിടെ വായിക്കാം.അച്ചുവേട്ടന്റെ കടയില്‍ ചായകുടിക്കുന്നവര്‍
    “ഇത്ര സൌമ്യരായ രണ്ടു ജീവികളാണോ
    കുറച്ചുമുന്‍പ് അങ്ങോട്ടു പോയതെന്ന്“
    എന്ന് മൂക്കത്ത് വിരല്‍ വയ്ക്കും എന്ന സൂചന നല്‍കുന്നത് ഇതാണ്.“അച്ചു“വേട്ടന്റെ ചായക്കടയില്‍ നില്‍ക്കുന്നവര്‍ പശു ഇത്തവണയെങ്കിലും പൂര്‍ണ്ണമായ സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചേരുമെന്ന് കൊതിച്ചിരുന്നു എന്ന് വ്യം‌ഗ്യം.പശു ഇവിടെ മൂന്നാറും കടന്ന് ഐ.റ്റി സിറ്റിയും കടന്ന് സംസ്ഥാന സമ്മേളനം കടന്ന് പത്രസമ്മേളനത്തിലെത്തുമ്പൊള്‍ അണച്ചണച്ച് തൊഴുത്തിലേക്ക് അനുസരണയോടെ നടന്നുപോകുന്നതു കാണാം.

    2.രണ്ടാമത്തേത് ഭൂതകാലത്തിലെ എല്ലാവിപ്ലവാവേശങ്ങളുടേയും ഭാവികാലത്തിലെ എല്ലാ അഭിനിവേശങ്ങളുടേയും കഥ ഈ രണ്ടുകിലോമീറ്റര്‍ ഓട്ടത്തിലെത്തി അണച്ചണച്ച് തൊഴുത്തിലേക്ക് അനുസരണയോടെ മടങ്ങുകയാണ് എന്ന് എഴുതി വച്ചിരിക്കുന്നു.


    പാവം പശു..കൊമ്പുണ്ടായിട്ടെന്തുകാര്യം

    മറുപടിഇല്ലാതാക്കൂ
  20. ഒരു ജാമ്യം:മുകളിലത്തെ കമെന്റ് കവിത എന്റെ ആസ്വാദനപരവും രാഷ്ട്രീയ,സാമൂഹികപരങ്ങളുമായിട്ടുള്ള അവബോധങ്ങളില്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിഎന്നിലുണ്ടാക്കിയ പ്രതികരണം മാത്രമാണ്.അത് കവിതയുടെ വായനാ സാധ്യതകളെ വേലികെട്ടരുത് എന്ന് ആഗ്രഹിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  21. സനാതനന്‍,നല്ലൊരു വായനയായി അത്.പക്ഷേ അങ്ങനെയൊരു വ്യാഖ്യാനം(ഞാന്‍ ഉദ്ദേശിച്ചതല്ല) മാത്രമല്ല കവിതയ്ക്കുള്ളത് എന്നു മാത്രം പറയട്ടെ.
    അത്തരമൊരു വായനയ്ക്ക് തീര്‍ച്ചയായും പ്രസക്തിയുമുണ്ട്.

    നൊമാദ്-സ്വാതന്ത്ര്യ വാഞ്ഛ എങ്ങനെ തടയും.
    രഞ്ജിത്-പാവം അമ്മായി...:)
    മനു- വളരെ കറക്ട്
    ആര്‍ബി-സന്തോഷം
    വിശാഖേ,ഞാനിനീം കയറു പൊട്ടിക്കും...
    ആരെങ്കിലും ചോദിച്ചാ നിന്റെ പേരു പറയും... ;)
    ഫസല്‍-സന്തോഷം
    ദ്രൌപദി- :)
    റോബി-സന്തോഷം
    ദീപു-വീഴരുത്... :)
    ഗുപ്തന്‍-നേരോ..?

    ബാജീ-പ്രോത്സാഹിപ്പിക്കല്ലേ,ഞാന്‍ പൊട്ടിക്കും..:)
    സുനീഷ്-:)

    പാമരന്‍-സമാധാനമായി... :)
    പ്രമോദേ,ഒരു കുറ്റം കണ്ടുപിടിച്ചില്ലെങ്കില്‍ ഒരു സമാധാനവുമില്ല അല്ലേ... :)
    കുട്ടനാടന്‍- അദാണ്,കയറു പൊട്ടിക്കണം.എന്നിട്ട് ഈകവിത വായിച്ച് പ്രചോദിതനായിട്ടാണ് എന്നു പറഞ്ഞാ മതി.
    മോഹന്‍ -സങ്കടം തോന്നുന്നു
    ഭൂമിപുത്രി-ഇങ്ങനെ തന്നെ വേണം പെണ്‍‌വാ‍യന.
    അത്തിക്കുര്‍ശ്ശീ,അത്ഭുതം തോന്നുന്നു...(ഭാഗ്യവാന്‍ എന്നോ നിര്‍ഭാഗ്യവാന്‍ എന്നോ വിളിക്കേണ്ടത്)
    അഭിലാഷങ്ങള്‍-:)

    മറുപടിഇല്ലാതാക്കൂ
  22. കുറച്ചുനേരത്തെ ആ കയറുപൊട്ടിക്കല്‍ തന്നെയാകണം ജീവിതക്കയറ് കഴുത്തില്‍ കുരുങ്ങിയ ഓരോ പശുവും പിന്നീടെപ്പോഴും അയവിറക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  23. ജീവന്റെ ഏതു കടവിലേയ്ക്കാകും അതോടിയിരുന്നത്?അതാലോചിച്ചാല്‍ ഒരു കവിതയാകും വിഷ്ണൂ..സഹ്യന്റെ മകന്റെ ഒരു തുടര്‍ച്ച

    മറുപടിഇല്ലാതാക്കൂ
  24. വരാന്‍ വൈകി കാണാനും
    ഇഷ്ടമായി ഒരുപാട്

    മറുപടിഇല്ലാതാക്കൂ
  25. അമ്മായീടെ പശൂനോട് അസൂയ.രണ്ട് കിലോമീറ്ററെങ്കിലും കയറ് പൊട്ടിച്ചോടാന്‍ കഴിഞ്ഞല്ലോ അതിന്.

    മറുപടിഇല്ലാതാക്കൂ
  26. വരാന്‍ വൈകി

    പാവം പശു.
    ഇനിയൊരു അവസരം കിട്ടിയാല്‍ വീണ്ടും അത്‌ കയറുപൊട്ടിക്കും...
    ഒരിക്കല്‍ പൊട്ടിയകയറല്ലേ... വേകം പൊട്ടും....

    കവിത അതിമനോഹരമായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  27. എല്ലാ കയറുപൊട്ടിക്കലും ഏറിയാല്‍ രണ്ടുകിലോമീറ്ററേ ഉള്ളൂ വിഷ്ണുജീ.
    അങ്ങനെയല്ലെന്ന് ഓടുന്നവര്‍ക്ക് വിജൃംഭിതരാകാമെങ്കിലും :)

    മറുപടിഇല്ലാതാക്കൂ
  28. കിനാവേ,അതു തനെയാവണം.ഗോപീ,ഞാനും പയ്യിന്റെ ഒപ്പം ഓടിക്കിതച്ച് തിരിച്ചുവന്നു...:)
    വരവിനും വായനയ്ക്കും നന്ദി.
    ദേവ..:)
    ലേഖ, ആ കമന്റ് പിടിച്ചു. നേരു പറഞ്ഞൂലോ... :)
    നജൂസ്,ആദ്യത്തെ പൊട്ടിക്കലാ പ്രയാസം അല്ലേ നജൂസേ... :)
    ദൈവേ,രണ്ടു കിലോമീറ്റര്‍ ആകിലെന്ത്!ഒരു മുഴുവന്‍ ജീവിതത്തെയും അത് അര്‍ഥപൂര്‍ണമാക്കുമെങ്കില്‍... :)

    മറുപടിഇല്ലാതാക്കൂ
  29. <"മധുരം, സൌമ്യം ,ദീപ്തം...".....>

    മറുപടിഇല്ലാതാക്കൂ
  30. വിഷ്ണൂ

    വിശാഖ് പറഞ്ഞറിഞ്ഞാണ് ഇന്ന് വന്നത്.

    കയറുപൊട്ടിച്ചോടലിനെ സ്വാതന്ത്ര്യത്തിലേക്കെന്ന് വായിച്ചവരാണ് അധികവും. മറ്റൊരു ആലയുടെ അസ്വാതന്ത്ര്യത്തിലേക്കായിരിക്കും മിക്ക ഓട്ടവും എന്ന്, സമകാലീന രാഷ്ട്രീയം സൂചിപ്പിക്കുകയും ചെയ്യുന്നു. ഭൂമിപുത്രിയുടെ പെണ്‍‌‌വായനയും നന്നേ രസിച്ചു. വിശാഖിന്റെയും.

    മറുപടിഇല്ലാതാക്കൂ
  31. കയറ് പൊട്ടിക്കാനുള്ള വെമ്പല്‍ പശുവില്‍ മാത്രമാണോ. കെട്ടിയിടാതിരുന്നാല്‍ മതി. :)

    മറുപടിഇല്ലാതാക്കൂ
  32. ഒന്നു കൂടെ കുതറിയോടിയാലോ ഈ നശിച്ച്അ ജീവിതത്തില്‍ നിന്നും എന്ന തീവ്വ്ര വിചാരത്തില്‍ അകപ്പെട്ടു കഴിയുകയായിരുന്നു കുറച്ചു കാലമായി.അധിക ദൂരമൊന്നും ഓടാന്‍ കഴിയില്ലെന്നു ഓര്‍മ്മപ്പെടുത്തിയതിന് വീണ്ടും നന്ദി.

    മറുപടിഇല്ലാതാക്കൂ
  33. കുറച്ച് നാള്‍ , വളരെ കുറച്ച് നാള്‍ മാഷ് കവിതയെ കെട്ടിയിട്ടിട്ട് ഇങ്ങനെ.

    അപ്പോള്‍ ശരിക്കുള്ള കുതറിയോട്ടം വരുന്നേയുള്ളൂ

    പിന്നെ എനിക്ക് ഈ പശുവോട്ടം വേറെ രീതിയിലാ

    മറുപടിഇല്ലാതാക്കൂ
  34. അജ്ഞാതന്‍5/09/2008 7:36 PM

    ഇത് പതിവായപ്പോഴാണ്, അമ്മാവന്‍, എങ്ങ്ങനെ ഓടിയാലും തിരിച്ചെത്തുന്ന തരത്തില്‍ വട്ടത്തിലൊരു വഴിവെട്ടിയത്- ഓടിത്തുടങ്ങിയാല്‍ തിരിയാന്‍ വയ്യാത്തവിധം സങ്കുചിതമായ ഒരു വഴി-ഇരുപുറവും കാണാത്തവിധം കന്മതിലുള്ളൊരു ഇടവഴി. ആരും പിന്നെ തടുത്തുനിറ്ത്താറില്ല പയ്യിനെ.രസംതോന്നിയാല്‍ കുഞ്ഞുപിള്ളേര്‍ പയ്യിന്റെ പിന്നാലെ പായും.
    പിന്നെപ്പിന്നെ പയ്യ് പായാതായി. അതിനു പള്ളേലുണ്ടായിരുന്നു.മാസം തികഞ്ഞ് അതു പെറ്റുണ്ടായ കുട്ടന്‍ അതേ വഴിക്കു കുന്തിരിയോടിയപ്പോള്‍, അവന്റെ പിറകേ കൊച്ചുപിള്ളേറ് ഓടിയപ്പോള്‍, അമ്മപ്പയ്യും അമ്മായിയും അയവിറക്കുകയും അതിനിടയില്‍ പരിഭ്രമം അഭിനയിക്കുകയും ചെയ്തു.
    വിഷ്ണു, നല്ല കവിത.
    കയര്‍ പൊട്ടിക്കാതെ, കയറിന്റെ നീളം സ്വാതന്ത്ര്യമായി കണ്ട “ആ പശുക്കുട്ടി ചത്തു” എന്ന കടമ്മനിട്ടക്കവിത കാണുക.വൈലോപ്പിള്ളി വഴിപിഴപ്പിക്കാം-കരുതുക

    മറുപടിഇല്ലാതാക്കൂ
  35. അജ്ഞാതന്‍5/09/2008 7:46 PM

    അച്ചുമ്മാന്റെ കടയിലിരിക്കുന്നവരും കുടിക്കുന്നത് പാലൊഴിച്ച ചായയാണെന്നു സനാതനന്‍ കണ്ടെത്താത്തത് എന്നെ അദ്ഭുതപ്പെടുത്തി.

    മറുപടിഇല്ലാതാക്കൂ
  36. അജ്ഞാതന്‍5/09/2008 10:19 PM

    വിഷ്ണു,
    കവിത നന്നായി-ഇഷ്ടപ്പെട്ടു. ഒന്നു ചോദിക്കട്ടെ;എന്തുകൊണ്ടാണു പശു എന്ന സംസ്കൃതവാക്കു ഉപയോഗിച്ച്തു? അതിനൊരു പുച്ഛരസമില്ലേ?പയ്യ് എന്ന മലയാളവാക്കിലല്ലേ ആ മൃഗത്തിന്റ്റെ പ്രസിദ്ധമായ ശാന്തസ്വഭാവം പ്രതിഫലിക്കുന്നതു? ആ “റ്റെന്‍ഡെര്‍നെസ്സ്” ഉള്ളതുകൊണ്ടല്ലേ “പയ്യന്‍”(കുഞ്ഞു) എന്നും “പയ്യെ “ (പതിയെ)എന്നുംപറ്യുന്നതു.സഹ്യന്റെ മകനുള്ളതുപോലെ സ്വാതന്ത്ര്യത്തെപ്പറ്റി പയ്യിനു ഓറ്മ്മിച്ചെടുക്കാനുള്ള രൂപമൊന്നുമില്ല.അവള്‍ പുതിയ ഒരു രൂപം ഉണ്ടാക്കിയാല്‍ത്തന്നെ അതു അമ്മായി(യമ്മ) മാരെ ഉപയ്യൊഗിച്ചു അടിച്ചു തകറ്ക്കാന്‍ ചരടുവലിക്കുന്നവരാണു ലോകത്തിലധികവും. സഹ്യന്റെ “മകള്‍ക്കു’ മദമിളകാറില്ലല്ലോ?
    വ്വിമറ്ശനമല്ല; ഇനിയുമെഴുതു;ഇനിയും.
    സുനീറ
    suneera-freedom.blogspot.com

    മറുപടിഇല്ലാതാക്കൂ
  37. അജ്ഞാതന്‍6/19/2008 3:11 PM

    Ugran

    Could read it only today.


    കയറുപൊട്ടിച്ചോടിയ
    ആ രണ്ടു കിലോമീറ്ററാവണം
    പശു പിന്നീടെപ്പോഴും അയവിറക്കുന്നത്.


    this is haunting!

    മറുപടിഇല്ലാതാക്കൂ
  38. കയറുപൊട്ടിച്ചോടിയ
    ആ രണ്ടു കിലോമീറ്ററാവണം
    പശു പിന്നീടെപ്പോഴും അയവിറക്കുന്നത്.

    Nalla kandethal...!

    Manoharam, Ashamsakal...!!!

    മറുപടിഇല്ലാതാക്കൂ
  39. ഈ പയ്യിനെ കണ്ടെത്താന്‍ വൈകിപ്പോയി. എന്നാലും അമ്മായി ഈ പയ്യിനെ കൊടുക്കുന്നുണ്ടാവുമോ മാഷെ? അറക്കാനല്ല, പോറ്റാന്‍ തന്നെയാണെന്ന് പറയണം.

    മറുപടിഇല്ലാതാക്കൂ