gfc

ആല്‍ബം

  

ഈ ചിത്രം കണ്ടിട്ട്
ചിരി വരുന്നുണ്ടാവാം.
ഒന്‍പതുമാസം ഗര്‍ഭമുള്ള
സക്കീനയുടെ വയറാണിത്.
അന്‍‌വറിന്റെ കാല്
പുറത്തേക്ക് മുഴച്ചു നില്‍ക്കുന്നത് കണ്ടോ?
അവിടെ സൂര്യന്‍ ഉമ്മവെക്കുന്നു.

തിടുക്കമായിരുന്നു അവന്
ഈ ലോകത്തേക്കു വരുവാന്‍.
വയറ്റില്‍ നിന്ന് പുറത്തുവന്നിട്ടും
വികൃതിക്ക് കുറവില്ലായിരുന്നു.

ഇതാണ് അവന്റെ പിറന്ന പടിയുള്ള ചിത്രം
ചുക്കുമണി കാണാതിരിക്കാന്‍
കൈ രണ്ടുകൊണ്ടും മറച്ചുവെച്ച്  നാണിച്ച് ചിരിക്കുന്നു

ഇത് ഞാനും സക്കീനയും അവനും
ഒരുമിച്ചിരിക്കുന്ന ചിത്രം
ഇത് എന്റെ അനുജന്‍ എടുത്തതാണ്.
ഉമ്മയുടെ കൈകളിലിരുന്ന് അവന്‍
ക്യാമറ പിടിച്ചുവാങ്ങാന്‍ നോക്കുകയാണ്.

ഇത് അവന്‍ വാശിപിടിച്ചു കരയുന്ന ചിത്രം 
 ഹോ! ചില രാത്രികള്‍
അവന്‍ ഉറങ്ങാന്‍ സമ്മതിക്കില്ല.
വിവാഹവും സന്താനോല്പാദവുമൊന്നും
വേണ്ടായിരുന്നുവെന്ന് തോന്നിപ്പോയിട്ടുണ്ട്.

ഈ ചിത്രത്തില്‍
അവന്‍ കുറുക്ക് കഴിക്കുകയാണ്.
മുഖമാകെ കുറുക്ക് പടര്‍ന്ന
 ഈ ചിത്രം കണ്ടാല്‍
ആരും ചിരിച്ചു പോകും
കുഞ്ഞുങ്ങളുടെ മുഖം

അസുന്ദരമാക്കാന്‍
അഴുക്കിനു പോലും കഴിയില്ല.

ഇത് അവന് നാലു വയസ്സുള്ളപ്പോള്‍
എടുത്ത ചിത്രമാണ്.
കണ്ണടയും തൊപ്പിയുമൊക്കെ വെച്ച്
സക്കീന അവനെ നല്ല പോസാക്കിയിട്ടുണ്ട്.

ഇത് അവന്റെ പിറന്നാളിന്
ഞാനും സക്കീനയും അവന്റെ
രണ്ടു കവിളിലും ഉമ്മവെക്കുന്നതാണ്.
രണ്ടിലകള്‍ക്കിടയില്‍ നിന്ന്
പുലരിയെ ഉറ്റുനോക്കുന്ന   
ഒരു പൂവാണിപ്പോള്‍ അവന്‍.
അവന്റെ സന്തോഷം നോക്കൂ.

ഇത് അവന്റെ സ്കൂളിലെ
കുട്ടികളോടൊപ്പം എടുത്ത ചിത്രം.
മുകളിലത്തെ നിരയില്‍ വലത്തു നിന്ന്
മൂന്നാമത്തേതാണ് അവന്‍.

ഇത് അവനും അവന്റെ അടുത്ത കൂട്ടുകാരും.
ഒഴിവുദിവസം അവന്റെ കൂട്ടുകാര്‍
വീട്ടില്‍ വന്നപ്പോള്‍
എടുത്തതാണ് ഈ ചിത്രം

ഞങ്ങള്‍ ടൂറ് പോയപ്പോള്‍
എടുത്തതാണ് അടുത്ത ചിത്രം
വാഗ്ദാനം പാലിച്ചതിന്
സന്തോഷത്താല്‍ അവനെനിക്ക്
ഉമ്മ നല്‍കുന്നു.

ഈ ക്ലോസപ്പ് ചിത്രം
ആറു വയസ്സുള്ള എന്റെ മകന്‍
വെടിയേറ്റു കിടക്കുന്നത്.
ആ ചുണ്ടുകള്‍ കണ്ടോ?
എന്തോ പറയാന്‍
വെമ്പിയതു പോലെ...

ഇത് പിഞ്ചുകുഞ്ഞുങ്ങളുടെ മൃതശരീരങ്ങള്‍
ചിതറിക്കിടക്കുന്നതിനിടയില്‍
ഇടത്തു നിന്ന് നാലാമത്തേത്
അവന്റെ....

ഇത് അവന്റെ ശരീരത്തില്‍ വീണുകിടന്ന്
അവന്റെ ഉമ്മ കരയുന്നത്.


ഇത് കരഞ്ഞുകൊണ്ട്
അവനെ കൈകളിലേന്തി
ഖബര്‍സ്ഥാനിലേക്ക് പോകുന്ന എന്റെ ചിത്രം.

അടച്ചുവെച്ചേക്കൂ ആല്‍ബം 
.
എനിക്കും സക്കീനയ്ക്കുമിടയില്‍
ഒരു പുഞ്ചിരിയുണ്ടായിരുന്നു.
കൊഴിഞ്ഞുപോയ പൂവിനെയോര്‍ത്ത്
പരസ്പരമണയുന്ന രണ്ടിലകള്‍ മാത്രമായി ഞങ്ങള്‍


രണ്ടു രാജ്യങ്ങളുടെയോ  
രണ്ടു വംശങ്ങളുടെയോ
യുദ്ധത്തിന്റേതല്ല
 മനുഷ്യന്‍ മനുഷ്യനോട്
ചെയ്യുന്ന ക്രൂരതയുടെ
ആല്‍ബമാണിത്.

ഇവിടെ
എല്ലാ വീടുകളിലുമുണ്ട്
മരിച്ചുപോയ ഒരു കുഞ്ഞിന്റെ ആല്‍ബം;
നിസ്സഹായമായ ഒരു പുഞ്ചിരിയുടെ പൂന്തോട്ടം.

9 അഭിപ്രായങ്ങൾ:

 1. കാരണങ്ങളെയാണ് കൊല്ലേണ്ടത്!

  മറുപടിഇല്ലാതാക്കൂ
 2. അടക്കരുത് ..തുറന്നു വെക്കൂ...ഇനിയും ആളുകള്‍ കാണാനുണ്ട് ഈ ആല്‍ബം !..പിറകെ വരുന്നവരും കാണട്ടെ !!
  ഒരിറ്റു കണ്ണുനീരോടെ ,,
  @srus..

  മറുപടിഇല്ലാതാക്കൂ
 3. പാവം കുഞ്ഞുങ്ങൾ എന്ത് പിഴച്ചു..

  മറുപടിഇല്ലാതാക്കൂ
 4. ഇഷ്ട്ടമായി രചന...ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 5. നോവിച്ചു കളഞ്ഞല്ലോ മാഷേ ഈ എഴുത്ത്

  മറുപടിഇല്ലാതാക്കൂ
 6. അടച്ചുവെച്ചേക്കൂ ആല്‍ബം ...

  മറുപടിഇല്ലാതാക്കൂ

To listen you must install Flash Player.