gfc

മീന

അപ്പാ
നീ ഞങ്ങളെ പറ്റിച്ചു
ഞാനും ചക്കരയും മീന്‍ പിടിക്കാന്‍ പോകും
ഞാന്‍ നിന്നെ ഓര്‍ക്കും
അന്നൊരു നാള്‍ തോട്ടിലെ വെള്ളത്തില്‍
നീ എന്നെ മുക്കിപ്പൊക്കിയില്ലേ?
അപ്പോള്‍ ഞാന്‍ ചിരിച്ചുകുതറിയത്
എപ്പോഴും ഓര്‍മ വരും.
തോട് എന്നോട് ചോദിക്കും
നീ എവിടെപ്പോയി എന്ന്..

ഞാന്‍ സ്കൂളില്‍ പോവാറില്ല
കുട്ടികള്‍ എന്നെ കളിയാക്കും
നീ കുളിക്കില്ല
നിന്റെ ഉടുപ്പ് മുഷിഞ്ഞതാണ്
എന്നൊക്കെ പറയും

അപ്പാ
നീ വരാത്തതുകൊണ്ട്
ഞങ്ങള്‍ക്ക് പൈസയില്ല
സോപ്പും എണ്ണയും വാങ്ങാത്തതുകൊണ്ട്
ഞാനും അമ്മയും ചക്കരയും കുളിക്കാറില്ല.
അമ്മയുടെയും എന്റെയും മുടി
ജടപിടിച്ച് ചെമ്പന്‍ നിറത്തിലായത്
അങ്ങനെയാണ്.
ചക്കരയ്ക്ക് പനിവന്നാല്‍ കൂടി
മരുന്നു വാങ്ങാന്‍ അമ്മ പോവില്ല
വണ്ടിക്കൂലി ഉണ്ടാവില്ല.

അപ്പാ,
നീ വന്നിട്ട്
എനിക്കൊരു പുതിയ ഉടുപ്പ്
വാങ്ങിത്തരുമെന്ന് അമ്മ പറഞ്ഞു.
അതിട്ട് സ്കൂളില്‍ പോവുന്നത്
ഞാനൊരു ദിവസം സ്വപ്നം കണ്ടു.

ഒരു ദിവസം എന്നെ
സ്കൂളിലേക്ക് പിടിച്ചുകൊണ്ടുപോവാന്‍
മാഷ്‌മ്മാരു വന്നു.
ഞാന്‍ വയലിലേക്ക് ഓടിപ്പോയി.
എന്തിനാണ് അവര് നമ്മളെ
സ്കൂളിലേക്ക് കൊണ്ടുപോവുന്നത്?
അവരുടെ ഭാഷ നമ്മളെ പഠിപ്പിക്കുന്നത്
എന്തിനാണ്?
എവിടെയെങ്കിലും നമ്മുടെ ഭാഷയില്‍
പഠിപ്പിക്കുന്ന സ്കൂള്‍ ഉണ്ടാവുമോ?

അപ്പാ
രണ്ടുമൂന്നു ദിവസം കൂടുമ്പോള്‍
അമ്മ എനിക്ക് എന്തെങ്കിലും
ഉണ്ടാക്കിത്തരും
ചിഅല്‍പ്പോഴൊക്കെ എനിക്ക്
നന്നായി വിശക്കും.
വിശന്നുവിശന്ന് ഞാന്‍ കരയും.
വിശപ്പ്സഹിക്കാനാവാത്ത ദിവസം
ഞാന്‍ സ്കൂളില്‍ പോവും
അവിടെ രാവിലെയും ഉച്ചയ്ക്കും
തിന്നാന്‍ കിട്ടും.

അപ്പാ,
നീ വന്നാല്‍ പിന്നെ
ഞാന്‍ സ്കൂളില്‍ പോവില്ല എന്ന്
ഞാന്‍ അവിടത്തെ കുട്ടികളോട് പറഞ്ഞു.

കുറച്ചുദിവസം ഞാന്‍
അടയ്ക്ക പൊളിക്കാന്‍
ആന്റണിച്ചേട്ടന്റെ വീട്ടില്‍ പോയി.
അവിടെ ടി.വി കാണാം.
ഉച്ചയ്ക്ക് ചോറും ഉണക്കമീനും.

അപ്പാ,
ഉത്സവത്തിന്
കഴിഞ്ഞകൊല്ലം നീ
എനിക്ക് വാങ്ങിത്തന്നതുപോലെ
മാലയും വളയും ഇക്കൊല്ലം
ആരു വാങ്ങിത്തരും?

അപ്പാ,
കുടഗില്‍ പോയി
തോനെ പൈസയുമായി
വരാമെന്ന് പറഞ്ഞ്
എനിക്ക് നിറയെ ഉമ്മ തന്ന് പോയിട്ട്
നീയിപ്പോള്‍ കലക്ടറുടെ വണ്ടിയും
ചാനല്‍ക്കാരെയുമൊക്കെ കൂട്ടി
ഇങ്ങനെ വന്നതെന്തിനാണ്?
നീ ഒന്നും മിണ്ടാതെ
കിടക്കുന്നത് എന്താണ്?
നിന്നെ ആരോ തല്ലിക്കൊന്നതാണെന്ന്
ഊരുകാര് അടക്കം പറയുന്നത് ഞാന്‍ കേട്ടു.
അപ്പാ,
നിനക്ക് നിന്റെ മീനയെ ഇഷ്ടമല്ലേ?
എന്നോട് എന്തെങ്കിലും പറയൂ...

1 അഭിപ്രായം: