ഒരു നട്ടുച്ചയ്ക്ക്
വാഹനങ്ങള്‍ കൂടിക്കൂടി
നഗരത്തിലെ എല്ലാ റോഡുകളും
നിശ്ചലമായി.
ആളുകള്‍ തിങ്ങിത്തിങ്ങി
കടകളും ഹോട്ടലുകളും തീയേറ്ററുകളും
നിശ്ചലമായി
കിഴക്കോട്ടു പോകേണ്ടവരും
പടിഞ്ഞാട്ടു പോകേണ്ടവരും
തെക്കോട്ടു പോകേണ്ടവരും
വടക്കോട്ടു പോകേണ്ടവരും
പരസ്പരം തള്ളിക്കൊണ്ടേയിരുന്നു.
കുഞ്ഞുകുട്ടികള്‍ കുഴിയില്‍ വീണവരെപ്പോലെ
ശ്വാസം കിട്ടാതെ കരഞ്ഞൂ.
സ്റ്റേഷനുകളില്‍ നില്‍ക്കുന്ന വാഹനങ്ങളില്‍ നിന്ന്
ഒരാള്‍ക്കും ഇറങ്ങാന്‍ പറ്റുന്നില്ല.
ഒരാള്‍ക്കും കയറാന്‍ പറ്റുന്നില്ല.
മാംസമതില്‍...
എങ്കിലും ആഗ്രഹങ്ങളും ആവശ്യങ്ങളും
അതിനെ ഉലച്ചുകൊണ്ടിരുന്നു
അനേകം തലകളും കൈകളും കാലുകളുമുള്ള
ഒരു ജന്തുവായി നഗരം
അതിന്റെ മാംസപ്പരപ്പ് തിരയടിച്ചുകൊണ്ടിരുന്നു
തള്ളല്‍ശക്തി കൂടിക്കൂടിവന്നു
കിഴക്കോട്ടുള്ളവര്‍ കിഴക്കോട്ട്
വടക്കോട്ടുള്ളവര്‍ വടക്കോട്ട്
പടിഞ്ഞാട്ടൂള്ളവര്‍ പടിഞ്ഞാട്ട്
തെക്കോട്ടുള്ളവര്‍ തെക്കോട്ട്
ഉന്തിക്കൊണ്ടിരുന്നു
തോറ്റാലും പിന്‍വാങ്ങാനാവില്ല
ചൂട്,വിയര്‍പ്പ്,ശാരീരികവിഷമതകള്‍
ഒന്നുംവകവെക്കാതെ
നാലുഭാഗത്തുനിന്നും
ഒറ്റ ഉന്ത് ,ഒരേ സമയം
ആളുകളും വാഹനങ്ങളും കെട്ടിടത്തലകളും
വിദൂര ഗ്രാമങ്ങളിലേക്ക് ചിതറി
ഒഴിഞ്ഞുകിട്ടിയ സ്ഥലത്തേക്ക്
അനങ്ങാതെ കിടന്ന വാഹനങ്ങള്‍ അനങ്ങി
ആളുകള്‍ നടന്നു.
നഗരം ഒരു ദീര്‍ഘനിശ്വാസം വിട്ടു.
അസ്സല് കവിത. അഭിനന്ദനം
മറുപടിഇല്ലാതാക്കൂ