gfc

കാക്കയുടെ ഇറച്ചി


വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന്
ചെറുപ്പം മുതലേ വിചാരമുള്ള അഞ്ചുപേര്‍
അതിനായി ഒരു കാക്കയെ പിടിക്കുന്നു.
കത്തിയണയ്ക്കുമ്പോഴും കാക്കയ്ക്കറിയില്ല
അതിനെ കൊല്ലുമെന്ന്
ഇക്കാര്യത്തില്‍ ഒരു കോഴിയുടെ
വിവരം പോലുമില്ല ബുദ്ധിജീവിക്ക്
ഒറ്റച്ചെത്തിന് കഴുത്തുമുറിഞ്ഞുവീഴുമ്പോള്‍
ചോര ചീറ്റും
തലപോയീ തലപോയീ എന്ന്
ഉടല്‍ കിടന്നു പിടയ്ക്കും
പിന്നെ
പപ്പ് പൂട പറി മല്‍‌സരമാണ്.
ചത്തതിനെന്തിനാ കാലെന്ന്
ഒരു തമാശ പറഞ്ഞ് ആ കറുത്ത കാലുകള്‍
മുറിച്ചെറിയുന്നു
കുടലും പിത്താശയവും വലിച്ചുമാറ്റുന്നു
കഷ്ണം കഷ്ണമാക്കുന്നു
ചോര കഴുകിക്കളയുന്നു
പിന്നെയും കഴുകുന്നു
മസാലപുരട്ടുന്നു
വറുത്തോ വേവിച്ചോ എടുക്കുന്നു
ഒന്നിച്ച് ഒരിലയില്‍ വിളമ്പി
വട്ടമിട്ടിരുന്ന് ചര്‍ച്ച തുടങ്ങുന്നു
കേരളത്തില്‍ ഇത്രയും സുലഭമായ ഒരു പക്ഷിയെ
എന്തുകൊണ്ട് തിന്നുന്നില്ലെന്ന്
മോഡറേറ്ററായി ഒരുത്തന്‍ ഒരു കഷ്ണം കടിച്ചു വലിക്കുന്നു.
എച്ചില്‍ തിന്നുന്നതുകൊണ്ടാണെന്ന്
വേറൊരുത്തന്‍ കടിച്ചുപറിക്കുന്നു
തീട്ടം തിന്നുന്ന കോഴിയെ തിന്നുന്നതോ എന്ന
ഒരുത്തന്റെ സംശയം എല്ലാവരും തൊട്ടുനക്കുന്നു.
മുഴുത്ത കഷ്ണം നോക്കിക്കടിച്ച് ഒരുത്തന്‍
ഏതൊക്കെ തിന്നാമെന്നും
ഏതൊക്കെ തിന്നേണ്ടെന്നും
ആരാണ് തീരുമാനിച്ച് ഒരു സമൂഹത്തിന്റേതാക്കിയതെന്ന്
എല്ലാത്തിനേയും ദഹിപ്പിച്ചുകളയുന്നു
കാക്കയെ തിന്നാത്തത് കാക്ക
ഞമ്മടാളായതുകൊണ്ടാണെന്ന് ഒരാള്‍
കാക്കയിറച്ചി ചവച്ചുചവച്ച് വീരവാദം മുഴക്കുന്നു
കാക്ക ദളിതനാണെന്നും സംവരണാനുകൂല്യങ്ങള്‍
നല്‍കേണ്ടതായിരുന്നുവെന്നും പറയുമ്പോള്‍
ഒരാള്‍ കാ കാ എന്ന് വയറുതടവുന്നു
എച്ചില്‍ പെറുക്കാന്‍ ഇപ്പോള്‍ കാക്കകള്‍ വരാറില്ല
ഒക്കത്തിനും അഹങ്കാരമാണ്.
ആസാമില്‍ നിന്നും ബംഗാളില്‍ നിന്നും
വേറെ എച്ചില്പെറുക്കികളെ ഇറക്കുമതി
ചെയ്യേണ്ട സ്ഥിതിയാണ്   ഒരാള്‍ ഉറയുന്നു...
ചര്‍ച്ചമുറുകുമ്പോള്‍
കാക്കയുടെ ഇറച്ചി നല്ല ഊക്കില്‍
കടിച്ചുകടിച്ച്
പറിച്ച് പറിച്ച്
വിഴുങ്ങി വിഴുങ്ങി..
ഇനിയൊന്നും വിഴുങ്ങാനില്ലാതെ വരുമ്പോള്‍
എല്ലാവരും അവരവരുടെ ബൈക്കുകളില്‍
കയറി കാ കാ എന്ന് ചിരിച്ച് വശംകെട്ട്
പറന്നുപോകുന്നു
അപ്പോള്‍ ആ തീറ്റിസ്ഥലത്തുകിടന്ന്
ഒരു കാക്ക പറന്നുപോകാനാവാതെ
കരയുന്നു
അതുകേട്ട് വായനക്കാരായ നമ്മളെല്ലാവരും
ചിരിച്ചുചിരിച്ച് മണ്ണുകപ്പുന്നു...

1 അഭിപ്രായം: