gfc

സുപ്രഭാതം



സുപ്രഭാതവുമായി
ഒരു സംഭാഷണത്തിനു ശ്രമിക്കുകയാണ്
സുകുമാരിയമ്മ.
സുപ്രഭാതം പഴയതുപോലല്ല.
മിണ്ടുന്നില്ല ഒന്നും.

വല്ലാത്ത ഗൌരവം പിടിച്ച
അതിന്റെ മോന്തയ്ക്ക് നോക്കി
കൊഞ്ഞനംകുത്തി സുകുമാരിയമ്മ.
അതുകണ്ട് മയിലുകള്‍ ചേക്കിരിക്കുന്ന തെങ്ങുകള്‍ ഒറ്റച്ചിരി.
അതുകേട്ട് അടുത്തതൊടിയിലെ പൂത്താങ്കീരികള്‍ പാറിവന്ന് ചിരി.
അതറിഞ്ഞ തൊടിയാകെ ആടിയാ‍ടിച്ചിരി

ഗേറ്റുകടന്ന് നട്ടുച്ചയ്ക്ക് ഒരു പശു കയറിവരും
സുകുമാരിയമ്മ അതിനെ ഓടിക്കില്ല.
കഞ്ഞിവെള്ളം ബക്കറ്റിലാക്കി കൊണ്ടുക്കൊടുക്കും
ആടിചൊറിഞ്ഞു കൊടുക്കും
വല്ലപ്പോഴും ഒരു നായ വേലി നൂണ്ട് വരും
സുകുമാരിയമ്മ അതിനെ ആട്ടില്ല.
ഒരു വീട്ടില്‍ നിന്ന് അടുത്ത വീട്ടിലേക്ക്
മനുഷ്യര്‍ ഇനി വരുകയില്ലെന്ന് അവര്‍ക്കറിയാം.

ഒറ്റയ്ക്കായിപ്പോയെങ്കിലെന്താ
ആകെയുള്ളൊരു ചെക്കന്‍ കെട്ടിയപെണ്ണുമായ്
ദുബായിലാണെങ്കിലെന്താ
വയസ്സെഴുപതായെങ്കിലെന്താ
അരീംസാധനങ്ങളും ഒറ്റയ്ക്കു വാങ്ങിക്കൊണ്ടന്നാലുമെന്താ
ഒറ്റയ്ക്കു വെച്ചുണ്ടാക്കിത്തിന്നാലുമെന്താ
എന്ന് ഉറക്കെയുറക്കെ ചോദിക്കണമെന്നുണ്ട്.
ചോദിച്ചില്ല
തൊടിയിലെ കിളികള്‍ക്കും പച്ചകള്‍ക്കും പ്രാണികള്‍ക്കും
എല്ലാമറിയാം
അതുകൊണ്ട് ഈ സുപ്രഭാതത്തിന്റെ ചിരിച്ച മുഖത്തേക്ക് നോക്കി
സുകുമാരിയമ്മ ഒരിക്കല്‍ കൂടി പറഞ്ഞു.
ഇനി എവിടക്കുമില്ല,
ഇവിടെത്തന്നെയങ്ങട്ട് കഴിഞ്ഞാ മതി
ഓര്‍മ്മയുടെ ധന്വന്തരംകുഴമ്പിട്ട് വീടപ്പോള്‍
സ്വന്തം കാലുകള്‍ നീട്ടിവെച്ച് ഉഴിഞ്ഞുകൊണ്ടിരുന്നു
തളിരിലകളില്‍ ആരോകൊണ്ടുവെച്ച വെയിലുണ്ണികള്‍ കയ്യുംകാലുമിട്ടടിച്ച്
ള്ളേ ള്ളേ എന്ന് തേനൊലിപ്പിച്ച് ചിരിച്ചുകൊണ്ടിരുന്നു.

14 അഭിപ്രായങ്ങൾ:

  1. നല്ല കവിത മാഷേ..ഇഷ്ടമായി...

    മറുപടിഇല്ലാതാക്കൂ
  2. ഒരു കഥപ്പോലെ സുകുമാരിയമ്മയുടെ പരിഭവങ്ങൾ ഒരു കവിതയായ് മനോഹരമായ് പെയ്തിറങ്ങുന്നു.

    മറുപടിഇല്ലാതാക്കൂ
  3. എങ്ങനെ കഴിയുന്നൂ നിനക്കിങ്ങനെ എഴുതാനെന്ന് അസൂയപ്പെട്ടിരിക്കുന്നൂ ഞാനിവിടെ..!ഒരു വീട്ടില്‍ നിന്നും മനുഷ്യര്‍ ഇനി അടുത്ത വീട്ടിലേക്കു വരില്ലെന്നു പറയാന്‍ നിനക്കു കൂട്ട് സുപ്രഭാതവും സുകുമാരിയമ്മയും. ഇപ്പോള്‍ നാം ജീവിക്കുന്നത് മരിച്ചവരുടെ ജീവിതമായതിനാല്‍ നമ്മുടെ വീടുകളില്‍ നിന്ന് ആദ്യം ചോര്‍ന്നു പോയത് ജീവിതം തന്നെ. വീടെന്നു നാം കരുതുന്ന ഇടത്തില്‍ അതു മാത്രം മിക്കപ്പോഴും സന്നിഹിതമല്ല. ശ്മശാനങ്ങളിലേതെന്ന പോലെ നിശ്ശബ്ദത നിറഞ്ഞ കെട്ടിടങ്ങള്‍ അതിനാലിപ്പോള്‍ വീടുകള്‍. പുകയില്ലാത്ത അടുപ്പുകള്‍, കലഹിക്കാത്ത പാത്രങ്ങള്‍, ശബ്ദങ്ങളും അനക്കങ്ങളും കെട്ട വീട്. വീട്ടകം പോലെ ശാന്തിജന്യമായ ഒരിടം മുമ്പ് നമുക്കില്ലായിരുന്നു. ഇപ്പോള്‍ മനസ്സമാധാനത്തിന് നാം വീടുകളില്‍ നിന്ന് പുറത്തേക്കിറങ്ങുന്നു. വീടിനെ സഹിക്കാനാവാതെ കാറ്റുകൊള്ളാന്‍, ശമിപ്പിക്കാന്‍ വീട് വിട്ടാല്‍ ഒരു വീടെന്ന് സ്വയം പരസ്യപ്പെടുത്തുന്ന കളി(ഒളി)വീടുകള്‍ ധാരാളം. വീടു വലിപ്പം കൂട്ടും തോറും ചെറുപ്പമാകുന്ന ജീവിതം. വലുതാകും തോറും വീട്ടിലെ ആകെ പെരുമാറ്റമുള്ള മുറി ഭോജനത്തിനും വിസര്‍ജ്ജനത്തിനും ഉള്ളവ മാത്രമാകുന്നു. തൂത്താല്‍ തീരാത്ത മുറ്റങ്ങള്‍, മുറികള്‍ എന്ന് നടു നിവര്‍ത്താന്‍ ഒഴിവില്ലാതെ വീട്ടിനകത്ത് നിശ്വാസങ്ങള്‍ കേള്‍ക്കാം, ആ മുറികളൊന്നും ഇപ്പോള്‍ തുറക്കാറേയില്ല എന്ന നിരര്‍ത്ഥകമായ മോടി പറച്ചിലും അറിഞ്ഞു തന്നെ സഹിക്കാം, അതിനകത്തെ ജീവിതത്തിന്റെ അസാന്നിധ്യം ആരു പൊറുക്കും.

    മറുപടിഇല്ലാതാക്കൂ
  4. പ്രിയപ്പെട്ട ചങ്ങാതിമാരേ,ഇതൊരു പൊട്ടക്കവിതയാവാം.എങ്കിലും നിങ്ങളൊക്കെയേ ഈ ഭൂമിയില്‍ വായനക്കാരായി അവശേഷിക്കുന്നുള്ളൂ എന്നത് എന്നെ നിരാശപ്പെടുത്തുന്നു.

    മറുപടിഇല്ലാതാക്കൂ
  5. ഓര്‍മ്മയുടെ ധന്വന്തരംകുഴമ്പിട്ട് വീടപ്പോള്‍
    സ്വന്തം കാലുകള്‍ നീട്ടിവെച്ച് ഉഴിഞ്ഞുകൊണ്ടിരുന്നു

    മറുപടിഇല്ലാതാക്കൂ
  6. എപ്പോഴും കവിതയിലായിരിക്കുക എന്നത്‌ എന്നെ അസൂയപ്പെടുത്തുന്നു

    മറുപടിഇല്ലാതാക്കൂ
  7. വേറിട്ട് വേറിട്ട് പോകുന്നു....സുകുമാരിയമ്മ എവിടേന്ന് ചോദിച്ചോണ്ട് ഒരു ഒരെയറിന്ത്യൻ കാക്ക വടക്കേപ്പുറത്തേയ്ക്ക് ലാൻഡ് ചെയ്യുന്നു...ചിരിച്ചോണ്ട്

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍11/30/2010 11:58 PM

    ഏകാന്തതയുടെ വേദന അനുഭവിപ്പിക്കുന്നു താങ്കളുടെ ഈ കവിത.നന്ദി.

    മറുപടിഇല്ലാതാക്കൂ