gfc

കീഴടങ്ങല്‍

എന്തിനു വേണ്ടിയാണ് ഇത്ര കഷ്ടപ്പെട്ട്
ഈ മലയുടെ ഉയരത്തില്‍ കയറിയതെന്ന്
മലയ്ക്കു മുകളില്‍ നിന്ന് ഒരാള്‍ ചിന്തിച്ചു.
ഒരു ഉയരത്തെ കീഴടക്കിയതുകൊണ്ട് എന്ത്?
ഞാനീ മലയെ കാല്‍ച്ചുവട്ടിലാക്കി എന്ന് കൂക്കിവിളിച്ചു അയാള്‍.
മേഘങ്ങള്‍ എത്ര നിസ്സാരമായാണ് അതിനെ സ്വീകരിച്ചത്.
താഴ്വരയിലെ മരങ്ങള്‍ക്കോ പറവകള്‍ക്കോ
അതൊന്നും കേട്ട ഭാവമില്ല.
എന്തിനുവേണ്ടിയാണ് ഇത്ര കഷ്ടപ്പെട്ട്...

കണ്ടില്ല എന്ന് നടിക്കുവാന്‍ കണ്ണുകളും
കേട്ടില്ല എന്ന് നടിക്കുവാന്‍ കാതുകളുമുള്ള ലോകമേ
കീഴടക്കലിന്റെ നിരര്‍ഥകത ബോധ്യപ്പെടുത്താനോ
ഉറച്ച കാലുകള്‍ നല്‍കുന്നത്...?

മലമുകളില്‍ എത്തിയ ഒരാള്‍ക്ക്
പിന്നെയും കയറുവാനാവില്ല.
അയാള്‍ രണ്ടു തവണ മലയിറങ്ങും.

3 അഭിപ്രായങ്ങൾ:

  1. നല്ല ചിന്ത..

    നന്മകള്‍ നേരുന്നു

    മറുപടിഇല്ലാതാക്കൂ
  2. കീഴടക്കലിന്റെ നിരര്‍ത്ഥകത - എന്തു തന്നെ കീഴടക്കിയാലും അതെത്ര നിസ്സാരമാണെന്ന സത്യം താങ്കള്‍ വളരെ മനോഹരമായി കുറച്ചു വരികളിലൂടെ വരച്ചു വച്ചിരിക്കുന്നു. വളരെക്കാലത്തിനു ശേഷം നല്ലൊരു കവിത വായിച്ച അനുഭവം. HATS OFF

    മറുപടിഇല്ലാതാക്കൂ
  3. മലമുകളില്‍ എത്തിയ ഒരാള്‍ക്ക്
    പിന്നെയും കയറുവാനാവില്ല.
    അയാള്‍ രണ്ടു തവണ മലയിറങ്ങും.

    വിഷ്ണുമാഷെ തിരിച്ചുള്ള ഇറക്കമാണ് ശരിക്കുമുള്ള കയറ്റം ഇല്ലേ?
    നാരാണത്തുഭ്രാന്തന്‍ കല്ലുകള്‍ ഉരുട്ടി താഴേക്ക് ഇട്ടിട്ട് ചിരിച്ചിരുന്നത് ഈ തിരിച്ചിറക്കം കണ്ടുകൊണ്ടല്ലെ.

    മറുപടിഇല്ലാതാക്കൂ