gfc

നാലുമണി നേരം

ഉച്ചവെയില്‍ കൊണ്ട് ഉറങ്ങിയിരുന്ന സ്കൂള്‍ വഴി
നാലുമണിയായാല്‍ ഞെട്ടിയുണരും.
ദേശീയഗാനത്തിന്റെ അവസാനവരിയില്‍
തുറന്നുവിടുന്ന കാലുകള്‍ അതിനെ
തരിപ്പിച്ചുകൊണ്ട് ഓടി വരും.
വീഴാതെ നോക്കണം
നിഴല്‍ത്തണല്‍ വീഴ്ത്തണം

വഴിയിറമ്പിലെ മാവുകളും പറങ്കിമാവുകളും
ഏറുകിട്ടുമോ എന്ന് പേടിച്ചു നില്‍ക്കും.
മീന്‍ നോക്കി നില്‍ക്കുന്ന കൊറ്റികള്‍
വരമ്പത്തു നിന്ന് പറന്നു പൊങ്ങും
ഇരട്ടക്കുന്നുകള്‍ക്കിടയില്‍
പൊളിഞ്ഞ തക്കാളിക്കൊട്ടയുടെ മൂടു പോലുള്ള സൂര്യന്‍
ഇങ്ങനെ വരയ്ക്കണം ചിത്രം എന്നു കാണിക്കും

വരാറായി എന്ന് അമ്മമാര്‍ പുറത്തേക്ക് നോക്കിയിരിക്കും
ഒരു ചിരി,ഒരു പിടച്ചില്‍ വീടിന്നകത്തേക്ക്
എപ്പോള്‍ വേണമെങ്കിലും വന്നു കയറും.
അടുക്കളയില്‍ ചായ തിളച്ചുകൊണ്ടിരിക്കും..

16 അഭിപ്രായങ്ങൾ:

  1. ഇങ്ങനെ വരയ്ക്കണം ചിത്രം..!

    മറുപടിഇല്ലാതാക്കൂ
  2. പാമരനോടു ഞാനും യോജിക്കുന്നു, അക്ഷരങ്ങളാല്‍ വര്‍ണ്ണങ്ങള്‍ ചേര്‍ത്ത ചിത്രം, ലളിതം, സുന്ദരം...

    നന്നായിരിക്കണു മാഷേ...

    മറുപടിഇല്ലാതാക്കൂ
  3. നാലുമണി നേരം നല്ലയിഷ്ടമായി :)

    മറുപടിഇല്ലാതാക്കൂ
  4. നല്ല വരികള്‍,ഓര്‍മ്മകള്‍ ഒരു പാട് ദൂരം സഞ്ചരിച്ചു ഇത് വായിച്ചപ്പോള്‍

    മറുപടിഇല്ലാതാക്കൂ
  5. ലളിതമായ കവിത. വളരെ ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  6. ഞാന്‍ ചോദിക്കാന്‍ വന്നതു സനല്‍ ചോദിച്ചു. ;)

    മറുപടിഇല്ലാതാക്കൂ
  7. ഒരു ചിരി,ഒരു പിടച്ചില്‍ വീടിന്നകത്തേക്ക്
    എപ്പോള്‍ വേണമെങ്കിലും വന്നു കയറും.
    അതന്നെ..!

    മറുപടിഇല്ലാതാക്കൂ
  8. എഴുതിയതു തന്നെ വീണ്ടും എഴുതാന്നും തുടങ്ങി അല്ലേ?

    എഴുത്തു തടസ്സം തന്നെ ഭേദം.

    മറുപടിഇല്ലാതാക്കൂ
  9. ഹോ അതു നാലുമണി നേരം കണ്ടു ഞാൻ

    മറുപടിഇല്ലാതാക്കൂ
  10. ബസന്നെയോ അതോ കഴിഞ്ഞ കവിതേലെ ഇല്ലെ പൊങ്ങണ സാദനമോ?!

    അശ്ലീലമാരോപിക്കരുത് എന്റെ മേല്‍, എന്തെന്നാല്‍ ശ്ലീലാശ്ലീലവരമ്പുകളൊക്കെ മാഞ്ഞുപോയ ശാദ്വലഭൂമിയിലാണ് ഞാന്‍ നിലകൊള്ളുന്നത് :)
    (എന്റമ്മേ, ഞാന്‍ എസ്കേപ്പി)

    ഓടോ. കവിത ഇഷ്‌ടമായി :)

    മറുപടിഇല്ലാതാക്കൂ
  11. സിയാ,അത്രേം ഒക്കെ ‘കടന്ന്’ ചിന്തിക്കണോ...:)

    മറുപടിഇല്ലാതാക്കൂ
  12. പഴയ പള്ളീകുടത്തിന്റെ ഓര്‍മ്മകളിലെക്ക് മനസ്സിനെ കൂട്ടി കൊണ്ട്
    പോയി ഒരു നിമിഷം

    മറുപടിഇല്ലാതാക്കൂ