gfc

അനുബന്ധം-എഴുത്തിന്റെ വഴി

ഒരുവര്‍ഷമായി ഞാന്‍ എങ്ങനെ എഴുതുന്നു എന്ന് വിശദമാക്കുന്നത് എഴുത്തിനെക്കുറിച്ചുള്ള ചില ധാരണകളെ തിരുത്താന്‍ സഹായിച്ചേക്കാം.വാര്‍ഷിക പോസ്റ്റില്‍ പറയും വിധം ആദ്യകാലത്ത് എന്റെ എഴുത്ത് വളരെ നൈസര്‍ഗ്ഗികമായി സംഭവിക്കുന്ന ഒന്നായിരുന്നു.വേഡ്സ് വര്‍ത്ത് പറഞ്ഞ വിധത്തില്‍ കവിത പൊടുന്നനെയുള്ള ഒരു കവിഞ്ഞൊഴുകല്‍ ആണെന്നു തന്നെയാണ് ഞാന്‍ പഠിച്ചതും വിശ്വസിച്ചിരുന്നതും.എന്നാല്‍ ഇത്തരത്തിലുള്ള ഒരു സ്വാഭാവിക എഴുത്തില്‍ നിന്ന് ക്രമേണ ഞാന്‍(ജീവിത സാഹചര്യങ്ങള്‍) എന്നെത്തന്നെ പിന്തിരിപ്പിച്ചതിനാല്‍ ഈ അത്ഭുതം(കവിഞ്ഞൊഴുകല്‍) എന്റെ ജീവിതത്തില്‍ നിന്ന് നിഷ്ക്രമിച്ചു.എഴുത്തിനോടുള്ള അനുരാഗം തന്നെയാണ് ഏതുവിധേനയും എഴുതുക എന്ന ഒരാശയത്തില്‍ എന്നെ എത്തിച്ചത്.

ഉള്ളടക്കം,കീര്‍ത്തനം,പിടികിട്ടാപ്പുള്ളി,മുറിയിലുള്ളത് തുടങ്ങിയ കവിതകളൊക്കെ വൈവാഹിക ജീവിതത്തിനു തൊട്ടുമുന്‍പുണ്ടായ ചില പ്രശ്നങ്ങളാല്‍ എഴുതപ്പെട്ട കുറിപ്പുകളാണ്.കവിത എന്ന് ഞാനും അവയെ വിളിച്ചിരുന്നില്ല.കുറിപ്പുകള്‍ എഴുതാന്‍ ഒരു പുസ്തകം ഉപയോഗിച്ചിരുന്നു. ഒരു തരം പരിശീലനം പോലെ ദിവസവും രാവിലെ എഴുന്നേറ്റാലുടന്‍ എന്തെങ്കിലും എഴുതിപ്പോന്നു. ബ്ലോഗിങ് തുടങ്ങിയതിനു ശേഷവും ഇതേ തരത്തിലുള്ള ഒരു എഴുത്തുസമ്പ്രദായമാണ് ഞാന്‍ തുടര്‍ന്നത്.വാര്‍ഷിക പോസ്റ്റില്‍ പലരും ആവശ്യപ്പെട്ടതു പോലെ എഴുതാന്‍ തോന്നുമ്പോള്‍ മാത്രം എഴുതുക എന്നു വിചാരിച്ചിരുന്നാല്‍ ഈ ബ്ലോഗില്‍ 2007ല്‍ എഴുതിയ ഒരു കവിത പോലും ഉണ്ടാവില്ലായിരുന്നു.വളരെ സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ എഴുതാന്‍ വേണ്ടിത്തന്നെ എഴുതുകയാണ്.ഇതൊരു പാപമായി ഞാന്‍ കണക്കാക്കുന്നില്ല.ഒരു പ്രത്യേക ആശയം രൂപപ്പെടുകയും അതെഴുതാത്തതുകൊണ്ട് വല്ലാത്ത മാനസികപ്രശ്നങ്ങള്‍ ഉണ്ടാവുകയും അങ്ങനെ ഉല്‍ക്കടമായ ഒരു വിചാരത്തോടുകൂടി എഴുതപ്പെടുകയും ചെയ്യുന്നതല്ല എന്റെ ബ്ലോഗ് കവിതകള്‍.മറിച്ച് എന്തെങ്കിലും എഴുതണം എന്ന വിചാരത്തോടെ(ആ വിചാരം ഉല്‍ക്കടമായൊരു വിചാരം തന്നെയാണ്)പൊടുന്നനെ എഴുതിയിട്ടുള്ളവയാണവ.ഒറ്റയിരുപ്പില്‍ മൂന്നുംനാലും കവിതകള്‍ ചിലപ്പോള്‍ എഴുതുന്നു.പൊതുവെ മിനുക്കിയെഴുതുകയോ മാറ്റിയെഴുതുകയോ ചെയ്യാറില്ല. ഇങ്ങനെ വളരെ കൃത്രിമമായ ഒരു രചനാമാര്‍ഗമാണ് എന്റേത്.എങ്കിലും തുടര്‍ച്ചയായി ഇങ്ങനെ എഴുതിയെഴുതി നൈസര്‍ഗ്ഗികരചനാരീതിയുടെ ആനന്ദവും സ്വാഭാവികമായ ഒരൊഴുക്കും ഈ എഴുത്തുപ്രക്രിയയില്‍ ഞാന്‍ അനുഭവിച്ചുതുടങ്ങിയിട്ടുണ്ടെന്ന അത്ഭുതകരമായ സത്യം ഞാനിവിടെ പങ്കുവെക്കുന്നു.

എഴുത്ത് സാമൂഹ്യപ്രതിബദ്ധതയുള്ളതാവണം എന്ന ആശയത്തോട് എനിക്ക് യോജിപ്പാണ്.ഓരോ രചനയും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാവണം എന്നൊക്കെ പറയുന്നവരെ ആദരവോടെയാണ് ഞാന്‍ കാണുന്നത്.എന്നാല്‍ എല്ലാ സാഹിത്യ രചനകളും കലാത്മകതയുള്ളതാവണം എന്ന ആശയമാണ് എനിക്ക് പ്രഥമഗണനീയമായി തോന്നുന്നത്.കലാത്മകതയില്ലാത്ത ഒരു രചനയും രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ ആവില്ല.രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ പറ്റാത്തതുകൊണ്ട് ഒരു രചന മോശം രചനയായി കണക്കാക്കാനുമാവില്ല.എന്നാല്‍ ഒരെഴുത്തുകാരന്‍ ഏതൊരാശയത്തെ വിനിമയം ചെയ്യുന്നതിനാണോ ഒരു രചന നിര്‍വഹിച്ചിരിക്കുന്നത് അതിന് നേര്‍വിപരീതമായ ഒരാശയത്തെ പോഷിപ്പിക്കാന്‍ ഉതകുന്ന ഒരു വ്യാഖാനം അതിനു സാധ്യമാവുന്നുവെങ്കില്‍ ആ എഴുത്ത് പരാജയപ്പെട്ടുവെന്ന് കണക്കാക്കേണ്ടി വരും.വര്‍ഗ്ഗീയ വിരുദ്ധമായ സന്ദേശം നല്‍കുന്നതിന് ആവിഷ്കരിക്കപ്പെട്ട ഒരു കൃതി വര്‍ഗ്ഗീയത വളര്‍ത്താന്‍ എന്നെങ്കിലും സമൂഹം ഉപയോഗപ്പെടുത്തുന്നത് തന്നെയാണ് ഏറ്റവും വലിയ ദുരന്തം.എല്ലാ വൈയക്തികാനുഭവങ്ങള്‍ക്കും അതിന്റേതായ ഒരു രാഷ്ട്രീയ പരിസരമുണ്ട്.
എഴുത്തുകാരന്‍ ഇതൊക്കെ ബോധപൂര്‍വമാണ് ആവിഷ്കരിക്കുന്നത് എന്നത് ശരിയായിക്കൊള്ളമെന്നില്ല.ഉദാഹരണത്തിന് അടുത്തിടെ വായിച്ച ഒരു നിരൂപണത്തില്‍ പവിത്രന്‍ തീക്കുനിയുടെ കവിതകളിലെ സ്ത്രീ മലര്‍ന്നുകിടക്കുന്ന ഒരു ഭോഗവസ്തു മാത്രമാണെന്ന് അപഗ്രഥിച്ചെഴുതിയതുകണ്ടു.എഴുത്തുകാരന്റെ ബോധാബോധങ്ങള്‍ പണിതുണ്ടാക്കുന്ന രചനകള്‍ അയാളെതന്നെ ഒറ്റിക്കൊടുക്കുന്ന കാഴ്ച്ചയാണിത്.പ്രതിലോമകരമായ കവിയുടെ ചിന്താഗതികൊണ്ട് വന്നുപെട്ടതാണിത് എന്നത് വാസ്തവം.

നമ്മുടെ ബ്ലോഗ് കവിതകളുടെ രാഷ്ട്രീയത്തെക്കുറിച്ച് ശരിക്കും ഒന്ന് പഠിക്കേണ്ടതുണ്ട്.ഞാനടക്കമുള്ള പലരുടെയും കവിതകള്‍ അതികാല്പനികതയാല്‍ ചെടിപ്പുണ്ടാക്കുന്നവയായി മാറിയിട്ടുണ്ട്.ഒരു കൌതുകത്തിനപ്പുറത്തേക്ക് പല കവിതകളും കടക്കുന്നില്ല.സുഖദമായ വാക്കുകള്‍ കൊണ്ട് പ്രതിലോമകരമായ ഒരു അന്തരീക്ഷത്തെ സൃഷ്ടിക്കുകയും വായനക്കാരനെ എഴുത്തുകാരന്‍ വിനീത വിധേയനാക്കുകയും ലഹരി പിടിപ്പിക്കുകയും ചെയ്യുന്നുണ്ട് ചില കവിതകളില്‍.കഠിന വേദനകളുടെ കവിത വായിക്കുമ്പോഴും വായനക്കാരന് കിട്ടുന്നത് മധുരതരമായ ഒരനുഭൂതിയാണെങ്കില്‍...
ഇങ്ങനെ പഞ്ചസാര കൂടിയ കവിതകളേക്കാള്‍ ദീര്‍ഘകാലം മടുപ്പിക്കാതെ നില്‍ക്കും ലാപുടയുടെ വികാരങ്ങള്‍ വര്‍ജ്ജിച്ച കവിതകള്‍ എന്നെനിക്ക് തോന്നിയിട്ടുണ്ട്.
പ്രമോദിന്റെ കവിതകളിലും കാല്പനികതയുടെ ഈ അതിമധുരം ഇല്ല.

ഒരു ഞൊടിയിടയില്‍ പൊട്ടിവിരിയുകയും മാഞ്ഞു പോവുകയും ചെയ്യുന്ന വര്‍ത്തമാനകാലത്തിന്റെ വിസ്മയങ്ങളുടെ തനിപ്പകര്‍പ്പാണ് പല കവിതകളും.അവയ്ക്ക് അമരത്വം ആവശ്യമില്ല.വ്യക്തമായ ഒരു ഓര്‍മ പോലും അവ വായനക്കാരനോട് ആവശ്യപ്പെടുന്നില്ല.വായനക്കാരന്റെ തലച്ചോറില്‍ അവയ്ക്ക് നിത്യമായ/വ്യക്തമായ ഒരു ഇരിപ്പിടം ആവശ്യമില്ല.അല്ലെങ്കിലും ഒരു സൃഷ്ടി എന്ന നിലയില്‍ അനശ്വരമായിരിക്കുക എന്നത് പ്രകൃതിവിരുദ്ധമായ ഒരു സംഗതിയാണ്.പാട്ടുകവിതകള്‍ ഈ അനശ്വരതയെയാവണം ആഗ്രഹിച്ചിരുന്നത്.എങ്കിലും ഏതുതരം കവിതയ്ക്കും ഒരു ജീവിതകാലം ഉണ്ടാവും.അതിന്റെ ദൈര്‍ഘ്യം വളരെ കുറഞ്ഞു വരുന്നത് കവിയുടെ കാലുകള്‍ പുതിയ കാലത്ത് ആയതുകൊണ്ടു തന്നെയാവും.ഒരുതരത്തിലുള്ള ഓര്‍മകളുടെ ഭാരവും പുതിയ കാലത്തെ ചെറുപ്പക്കാര്‍ കൊണ്ടു നടക്കാന്‍ ഇച്ഛിക്കുന്നില്ല.എങ്കിലും പഴയ കവിതയുടെ ആ വസന്തകാലം നീന്തിയവര്‍ ദുഃഖത്തോടെ ഈ മരുപ്പറമ്പില്‍ നിന്ന് ഉച്ചത്തില്‍ പഴിക്കുന്നത് ഞാനും കേള്‍ക്കുന്നുണ്ട്.പറയാതിരിക്കാന്‍ തരമില്ല.ഒരു തിരിച്ചുപോക്ക് അസാധ്യമാണ്.

6 അഭിപ്രായങ്ങൾ:

 1. നല്ലൊരു പഠനം..! കൂടുതല്‍ ആധികാരികമായി പറയാനറിയില്ല, എന്നാലും വാദങ്ങളോട് യോജിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 2. ദുര്യോധനന്‍ ഈ പറഞ്ഞതിനോടൊന്നും യോജിക്കുന്നില്ല. എന്തുകൊണ്ടാണ് യോജിക്കാത്തതെന്ന് ഒരു വലിയ വിമര്‍ശനമായി പോസ്റ്റിടാം.

  സ്നേഹത്തോടെ,
  ദു.ധ്രി.

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍10/11/2007 2:37 AM

  താങ്കളുടെ എഴുത്ത് കവിതയാണോ..?

  മറുപടിഇല്ലാതാക്കൂ
 4. കുഞ്ഞാ,ഇതൊരു പഠനമല്ല.ഞാന്‍ എങ്ങനെ എഴുതുന്നു എന്ന് വിശദമാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.കൂട്ടത്തില്‍ സമകാലിക കവിതകളെ സംബന്ധിച്ച ചില നിരീക്ഷണങ്ങളും കടന്നു കൂടിയെന്നു മാത്രം.

  ദുര്യോധനാ,നടക്കട്ടെ.
  അനോണീ,ഞാന്‍ എഴുതുന്നത് മുഴുവന്‍ കവിതയണെന്ന അവകാശവാദം എനിക്കില്ല.എങ്കിലും ഞാനെഴുതിയവയില്‍ മിക്കതും കവിതയാണെന്ന ആത്മവിശ്വാസമൊക്കെ ഇപ്പോള്‍ എനിക്കുണ്ട്(അഹങ്കാരമല്ല).കഴിഞ്ഞ പോസ്റ്റില്‍ സാന്‍ഡോസ് ചോദിക്കുകയുണ്ടായി:അല്ല,വിഷ്ണുമാഷേ ങ്ങള് കവിയാണോ? എന്ന്.കവിതയെഴുതുന്ന ആള്‍ കവിയെങ്കില്‍ സംശയിക്കണ്ട സാന്‍ഡോസേ.കൃത്യമായി പറഞ്ഞാല്‍ ബ്ലോഗ് കവി(അങ്ങനെ സംബോധന ചെയ്തും ആക്ഷേപിക്കാനാവും എന്ന് തെളിയിച്ച ബ്ലോഗന്മാരും ഉണ്ട്).

  മറുപടിഇല്ലാതാക്കൂ
 5. അവസാനം പറഞ്ഞ ‘അമരത്വം ആവശ്യമില്ല‘ എന്ന കാര്യത്തോട് വിയോജിപ്പുണ്ട്. ബാക്കിയെല്ലാം ശരിയാണ്. ഇതുതന്നെയാണ് എല്ലാവരും അനുവര്‍ത്തിക്കുന്ന വഴി.

  മറുപടിഇല്ലാതാക്കൂ

To listen you must install Flash Player.