gfc

ജനുവരിയിലെ രാത്രികളില്‍ മലമടക്കുകളില്‍


ജനുവരിയിലെ വൈകുന്നേരങ്ങളില്‍
തണുപ്പുകള്‍ എഴുന്നേറ്റുവരികയാണ്
കാപ്പിത്തോട്ടങ്ങളില്‍ നിന്ന്
കാപ്പിമരങ്ങളുടെ ചുവട്ടില്‍ നിന്ന്
അവയുടെ സ്വകാര്യതകളില്‍ നിന്ന്
അവയുടെ നിഗൂഢതകളില്‍ നിന്ന്
മരിച്ച ഒരു ഗോത്രജനതയെപ്പോലെ
കറുത്ത്
വിറച്ചുവിറച്ച്
വളരെ സാവകാശം
അവ്യക്തതകളില്‍ നിന്ന് ഉരുവപ്പെട്ട്
എന്തോ ആഭിചാരത്തിനെന്ന പോലെ


അങ്ങനെ കാണുന്നതല്ല
ഇതൊന്നും
എന്നാല്‍ കാണാനിടയുണ്ട് താനും

അവര്‍ റോഡരികിലെ വീടുകളിലേക്ക്
അടഞ്ഞ വാതിലുകളിലൂടെ തുറക്കാതെ തന്നെ
അടഞ്ഞ ജനലുകളിലൂടെ തുറക്കാതെ തന്നെ
ചുമരുകളെ നിസ്സാരമായി കടന്നും അവ പൊളിക്കാതെ തന്നെ
അകത്തേക്ക് കയറിപ്പോവുന്നു

തണുപ്പുകള്‍ വീടുകളിലേക്ക് കയറിപ്പോവുന്നു

തണുപ്പുകള്‍
കറുത്ത കുള്ളന്മാരായ
ചുരുണ്ടമുടിയുള്ള പ്രേതങ്ങള്‍

അകത്ത്
തണുപ്പുകള്‍ ഞെക്കിക്കൊല്ലുന്നവരുടെ
ചങ്കില്‍ കെട്ടിയ ഒച്ചകള്‍
ശബ്ദം പുറത്തുവരാതെ നിശ്ശബ്ദതയിലേക്ക്
മരിച്ചുവീഴുന്ന ഒച്ചകള്‍
ഇരുട്ടായി പുറത്തേക്ക്
അടുക്കളവഴിയോ
തട്ടിന്‍പുറത്തെ
മരയഴികളിലൂടെയോ
വരുന്നുണ്ട്

വെള്ളത്തിലേക്ക് പ്രസവിച്ചിട്ട
കുഞ്ഞുങ്ങളെപ്പോലെ വായുവില്‍ നീന്തിനീന്തി...

പിന്നെയും രാത്രി പിന്നിടുമ്പോള്‍
മരക്കൊമ്പുകളില്‍ തൂങ്ങിക്കിടക്കാറുണ്ട്
മരിച്ച തണുപ്പുകളുടെ ശവശരീരങ്ങള്‍

രാത്രി
അജ്ഞാത ശവങ്ങളുടെ ഒരു മോര്‍ച്ചറി

നിശ്ശബ്ദ വിലാപങ്ങളുടെ
ഒരു വെളുത്ത സാരി കാറ്റില്‍ പൊന്തുന്നത്
ഒറ്റയ്ക്ക് നടക്കുന്നവര്‍ കാണുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ