സന്ദര്‍ഭം ഒന്ന്
തെരുവിന്റെ അങ്ങേ അറ്റത്തുള്ള
ഞായറാഴ്ചയുടെ വീടന്വേഷിച്ചാണ്
പോയത്.
അയാള്‍ വീട്ടിലുണ്ടായിരുന്നില്ല,
എന്നല്ല,എന്നെക്കണ്ടതും ആ ചകിരിമീശക്കാരന്‍
പിന്‍വാതിലിലൂടെ കഴിച്ചിലായി.
അയാളുടെ കുട്ടിക്കുമ്പളങ്ങ പോലത്തെ ചെക്കന്‍
വാതില്‍ ചെറുതായൊന്ന് തുറന്ന്
പപ്പ ഇവിടില്ലെന്ന് പറഞ്ഞു.
ചപ്രത്തലയുള്ള ഭാര്യ
അയാളുടെ പിന്നാലെ അടുക്കളപ്പുറത്ത്
എത്തിച്ചുനോക്കുന്നതും കണ്ടു.
തത്കാലം ആ നിമിഷത്തെ
അവിടെത്തന്നെ സ്തംഭിപ്പിച്ച്
ഞാന്‍ ഇറങ്ങിനടന്നു.
മഞ്ഞപ്പെയിന്റടിച്ച തകരങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ
അയാളുടെ വീട്ടില്‍ ഞാന്‍ പിന്നെ പോയില്ല.
സന്ദര്‍ഭം രണ്ട്
മറ്റൊരു ദിവസം തെരുവിലൂടെ നടക്കുമ്പോള്‍
ചകിരിമീശയുള്ള ഞായറാഴ്ച
തെരുവുപാതയോരത്ത് ചെരിപ്പുകുത്തുകയാണ്.
പൊട്ടിപ്പോയ ചെരിപ്പുകളുമായി
പെണ്ണുങ്ങള്‍ അയാളുടെ മുന്നില്‍ നില്‍പ്പുണ്ട്.
കാലുകള്‍ മാത്രമാണ് അയാളുടെ കാഴ്ച.
നടക്കുന്ന കാലുകളുടെ നദിയാണ്
നഗരമെന്ന് അയാള്‍ പറഞ്ഞേക്കും.
ചൂണ്ടയുമായി അയാള്‍ കരയ്ക്കിരിക്കുന്നു.
അയാള്‍ ഇണക്കിച്ചേര്‍ത്ത ചെരുപ്പുകളിട്ട
കാലുകളും അക്കൂട്ടത്തില്‍ കാണും.
അയാള്‍ അയാളുടെ കറുത്ത കുടവയറും
കാട്ടിയാണിരുപ്പ്.
അതിന്റെ നടുക്ക് പുറത്തേക്ക് തള്ളിനില്‍പ്പുണ്ട്
പൊക്കിള്‍ .
നടന്നടുക്കുന്ന എന്റെ കാലുകള്‍ കണ്ട്
അയാള്‍ പിടഞ്ഞെണീറ്റ് ഓടി
അയാളുടെ ചുറ്റിലും നിന്നിരുന്ന പെണ്ണുങ്ങള്‍
എന്നെ അന്തംവിട്ട് നോക്കി.
ഓടിച്ചിട്ട് പിടിക്കുക എന്റെ ശൈലിയല്ല.
അവിടെ നില്‍ക്കട്ടെ.
അവിടെ നിന്നു
ഓടുന്ന അയാളും
അന്തം വിട്ട പെണ്ണുങ്ങളും.
സന്ദര്‍ഭം മൂന്ന്
ഒരു വൈകുന്നേരം
ചകിരിമീശയുള്ള ഞായര്‍
പാലത്തിന്റെ കൈവരിയിലിരുന്ന്
ബീഡി വലിക്കുന്നു
ഒഴുകിവരുന്ന പുഴയേയോ
മേഘങ്ങള്‍ ചിതറിയ ആകാശത്തെയോ
അയാള്‍ നോക്കുന്നതെന്ന്
നിശ്ചയമില്ല
സ്വന്തം ചോരയെ ചതിക്കുന്ന
ഒരാലോചന അയാളുടെ ഉള്ളില്‍
പ്രവര്‍ത്തിക്കുന്നുണ്ട്
അയാള്‍ അതിന്റെ
വരുതിയിലാണെന്ന് അയാള്‍ക്കറിയില്ല.
ഞാന്‍ മെല്ലെ ചെന്ന് അയാളുടെ തോളത്തുകയ്യിട്ടു.
അയാള്‍ മുഖമുയര്‍ത്തി എന്നെ നോക്കിയതും
പിടഞ്ഞ് താഴെ പുഴയിലേക്ക് ചാടി
നീന്തി നീന്തി ദൂരേക്ക് മറഞ്ഞു.
സന്ദര്‍ഭം നാല്
ചകിരിമീശക്കാരന്‍ ഞായര്‍
തെരുവിലൂടെ നടക്കുകയാണ്
അയാള്‍ ഒരു സിനിമ വിട്ട് വരികയാണ്
അയാള്‍ അല്പം ലഹരിയിലുമാണ്
എന്നെക്കണ്ട് അയാള്‍ ഓടിയില്ല
ഒരു സംശയത്തോടെ നിന്നു
ഞാന്‍ ചിരിച്ചു,അയാളും
അപ്പോള്‍ നിശ്ചലമാക്കിവെച്ചിരുന്ന
ആ പൂര്‍വസന്ദര്‍ഭങ്ങളെല്ലാം
അവയുടെ ചലനാത്മകത വീണ്ടെടുത്തു
ഞാന്‍ കാത്തുവെച്ചിരുന്ന
ആ കത്തിയെടുത്ത്
അയാളുടെ മുഴുത്തവയറില്‍
ആഞ്ഞുകുത്തി
എന്റെ കുത്തുകൊണ്ട്
ഒന്നാമത്തെ സന്ദര്‍ഭത്തിലെ
അയാള്‍ അടുക്കളയില്‍ പിടഞ്ഞുവീണു
രണ്ടാമത്തെ സന്ദര്‍ഭത്തിലെ
അയാള്‍ പാതയോരത്ത് പിടഞ്ഞുവീണു
മൂന്നാമത്തെ സന്ദര്‍ഭത്തിലെ അയാള്‍
പാലത്തില്‍ നിന്ന് കുത്തേറ്റ്
പുഴയിലേക്ക് വീണു
നാലാമത്തെ സന്ദര്‍ഭത്തിലെ
ചകിരിമീശക്കാരന്‍
തെരുവില്‍ത്തന്നെ
കുത്തേറ്റ് മറിഞ്ഞുവീണു
നാലുസന്ദര്‍ഭങ്ങളില്‍ നിന്നുള്ള കരച്ചിലുകള്‍ ഇപ്പോള്‍ കേള്‍ക്കാം
ചപ്രത്തലയുള്ള അയാളുടെ ഭാര്യയും
ചെറുക്കനും ഒന്നാമത്തെ സന്ദര്‍ഭത്തില്‍ നിന്ന് നിലവിളിക്കുന്നു
അവരുടെ മഞ്ഞപ്പെയിന്റടിച്ച വീട് നിലവിളിക്കുന്നു
രണ്ടാമത്തെ സന്ദര്‍ഭത്തില്‍
ചെരുപ്പു നന്നാക്കാന്‍ വന്ന പെണ്ണുങ്ങള്‍
വാവിട്ടുകരയുന്നു
നന്നാക്കിയതും നന്നാക്കാത്തതുമായ
ചെരുപ്പുകള്‍ വാവിട്ടുകരയുന്നു.
അയാളുടെ പണിസാധനങ്ങള്‍ തേങ്ങിതേങ്ങിക്കരയുന്നു
മൂന്നാമത്തെ സന്ദര്‍ഭത്തില്‍
അയാളുടെ ചുണ്ടില്‍ നിന്ന് വേര്‍പെട്ട ബീഡിക്കുറ്റി കരയുന്നു
പാലവും അതിന്റെ കൈവരിയും കരയുന്നു
നാലുസന്ദര്‍ഭങ്ങളില്‍ ഒറ്റയടിക്ക് കുത്തേറ്റവന്‍
മരണക്കരച്ചില്‍ കരയുന്നു.
അതേ സമയം നാലാമത്തെ സന്ദര്‍ഭത്തില്‍ നിന്ന്
അയാളുടെ കുടവയര്‍ പിളര്‍ന്ന്
രക്തം ഒഴുകിവരികയും അതൊരു നദിയായിത്തീരുകയും ചെയ്തു.
എന്നെയും ഈ കൊലപാതകം കണ്ടുനിന്നവരെയും
അത് ഒഴുക്കിക്കൊണ്ടുപോയി
തെരുവിലെ എല്ലാ കടകളുടെയും
ഭാരങ്ങള്‍ അതേറ്റെടുത്തു
മറ്റ് മൂന്നു സന്ദര്‍ഭങ്ങളില്‍ നിന്നും
ഒരേസമയം ഇതേവിധം
മൂന്ന് രക്തനദികള്‍ പുറപ്പെടുകയും
ഒന്നിച്ചുചേരുകയും
അയാളുടെ വീടും പണിസാധനങ്ങളുമെല്ലാം
ഒഴുക്കിക്കൊണ്ടുവരികയും
ഈ തെരുവിനെ ശൂന്യമാക്കി
പാലത്തിനരികിലൂടെ
പുഴയിലേക്ക് ഇറങ്ങിപ്പോവുകയും ചെയ്തു.
ആരുമില്ലാത്ത തെരുവിലൂടെ
എനിക്ക് ഒറ്റയ്ക്ക് നടക്കേണ്ടിവന്നു
ഇരുട്ടിനെ കീറിക്കീറി
വെളിച്ചമുണ്ടാക്കിയാണ് എന്റെ നടപ്പ്
നല്ലവനായ ഞായറാഴ്ചയുടെ
രക്തം
ഒഴുകിയൊഴുകി
കലണ്ടറിലെ ഒരു ഭാഗം ചുവന്നുകിടന്നു.
കവിതകള്‍ എല്ലാം വായിക്കാറുണ്ട്. മഹത്തരം എന്നല്ലാതെ ഒന്നും പറയാന്‍ ഇല്ല്യ.
മറുപടിഇല്ലാതാക്കൂ