gfc

ദ്വാരകാബാര്‍

ഓരോരോ ഞാനുകള്‍ വരുന്നു
ഓരോരോ ഞാനുകള്‍ പോവുന്നു
ഇരുപത്തൊന്നു മേശകള്‍
ഓരോരോ മേശയ്ക്കു ചുറ്റിലും
നന്നാലു ഞാനുകള്‍

-ഞാമ്പറഞ്ഞാ അവനല്ല അവന്റപ്പന്‍ കേക്കും
-ഞാന്‍ വരയ്ക്കുന്ന മാതിരി കേരളത്തില്‍ ഒരു മൈരനും വരയ്കില്ല
-ഞാന്‍ നിങ്ങക്കൊരു പൈന്റു കൂടി വാങ്ങിത്തരും ങാ ഹാ...
-ഞാനൊക്കെ പൂശിയത്ര പെണ്ണുങ്ങളെ നീയൊക്കെ...

ഒന്നാമത്തെ ഞാന്‍ പത്തി വിരിക്കുന്നതിന്‍ അല്പം മീതെ
രണ്ടാമത്തെ ഞാന്‍ പത്തി വിരിക്കുന്നു
അതിന്‍ മീതെ മൂന്നാമത്തെ ഞാന്‍ പത്തി വിരിക്കുന്നു
അതിനും മീതെ നാലാമത്തെ ഞാന്‍ പത്തി

ഞാന്‍
ഞാന്‍
ഞാന്‍
ഞ്യാന്‍

ഇരുപത്തൊന്നു മേശകള്‍
ഓരോരോ മേശയ്ക്കു ചുറ്റിലും
നന്നാലു ഞാനുകള്‍
ഓരോ മേശയുടെ കരയിലും
താമരപ്പൂകണക്ക് വര്‍ണവെളിച്ചപ്പൂവുകള്‍
അസ്സല് താമരക്കുളം
മീനുകളുടെയോ
തവളകളുടെയോ
നീര്‍ക്കോലികളുടെയോ
തലകള്‍ കണക്കിന്
ഓരോ മേശയ്ക്കു ചുറ്റിലും
പൊന്തുന്നു ഞാന്‍ തലകള്‍ .

ഒടുക്കം എല്ലാ ഞാനുകളും
വിസര്‍ജ്ജിച്ച മേശപ്പുറങ്ങള്‍
ഒരു ഞാനുമില്ലാത്ത ഒരുത്തന്‍
തുടച്ചുവൃത്തിയാക്കി അകത്തേക്ക് പോവുന്നു
ഞാനുകള്‍ ഒന്നൊന്നായി
നഗരവനത്തിലേക്ക്

2 അഭിപ്രായങ്ങൾ: