gfc

വല്യേച്ചിയുണ്ടായിരുന്നപ്പോള്‍ വീട്


വല്യേച്ചിയുണ്ടായിരുന്നപ്പോള്‍
വീട് ഒരുകുരുവിക്കൂട്
എല്ലാ മുറികളിലും ഒച്ചപ്പാടുകളുടെ വെളിച്ചം
പുറത്തുനിന്ന് നോക്കുമ്പോള്‍ തന്നെ കാണാം
അലയടിക്കുന്ന ജീവിതാനന്ദം

ഓരോ പ്രഭാതത്തിലും അടുക്കളപ്പിന്നില്‍
എച്ചില്‍പ്പാത്രങ്ങള്‍ കലമ്പും
കാക്കകള്‍ പങ്കുചോദിച്ചുവരും
മുറ്റമടിക്കുമ്പോള്‍ ചൂലുണ്ടാക്കുന്ന ഒച്ചകള്‍
അര്‍ധവൃത്താകാരത്തില്‍ മുറ്റമാകെ പതിയും
കിണറ്റിന്‍ കരയില്‍ വല്യേച്ചി നില്‍ക്കെ
കേള്‍ക്കാം കപ്പിക്കരച്ചില്‍
കിണറ്റിലേക്കോടുന്ന തൊട്ടിച്ചെത്തം
വരുവാനിഷ്ടമില്ലെന്നുള്ള
വെള്ളത്തിന്‍ തുളുമ്പിവീഴ്ചകള്‍
വെയില്‍ ചായുമ്പോള്‍ തുടങ്ങും പേന്‍‌നോട്ടം
വെയില്‍പോലുംവല്യേച്ചിക്ക്തലകാട്ടും.

വല്യേച്ചിയുള്ളപ്പോഴെന്നും
കുളിമുറിയില്‍ ഒരു മുടിയുണ്ട
വഴക്കടിച്ചുനില്‍ക്കും
കണ്ണാടിവെച്ച ചുമരില്‍
കണ്‍‌മഷിയും കുങ്കുമവും ചേര്‍ന്ന
വല്യേച്ചിയുടെ വിരല്‍പ്പാടുകള്‍
ഒരു പൂന്തോട്ടച്ചിത്രമെന്ന്തോന്നും

വല്യേച്ചി പോയതില്‍‌പ്പിന്നെ
എല്ലാമുറികളിലും ഇരുട്ടുകൂടി
ഒരു മൌനം വളര്‍ന്നുവളര്‍ന്ന്
തൊടിയിലെ കിളികളുടെ
പാട്ടുകള്‍ വരെ തിന്നു.
കാറ്റ് മരക്കൊമ്പുകളെ മറന്നു.
അണ്ണാരക്കണ്ണന്മാരുടെ
ചില്ലയില്‍നിന്ന് ചില്ലയിലേക്കുള്ള
ഓട്ടമില്ല.
മുറ്റതെ പനിനീര്‍ത്തോട്ടം കാടുമൂടി.
ഒരുപൂവും നീട്ടാതെ മുള്ളുകള്‍
കാട്ടി നില്‍ക്കുന്നു അത്...

അയയില്‍ നനച്ചിട്ട ഒരു പാവാട
കാറ്റത്ത് ഒച്ചപ്പെടുന്നുവെന്ന് തോന്നും
ആളുകള്‍ പതുങ്ങിനില്‍ക്കുമ്പോലെ
ഒച്ചകളും പതുങ്ങിനില്‍ക്കുന്നുണ്ടാവാം..
അയയില്‍ ഒന്നുമുണ്ടാവില്ല.
കുട്ടിക്കൂറയുടേയോ ചന്ദ്രികയുടേയോ മണം
ഇപ്പോള്‍ വേലിയില്‍ പടര്‍ന്നു നില്‍ക്കുന്ന
മുല്ലപ്പൂക്കളോട് തര്‍ക്കത്തിന് പോകില്ല.

എന്നാലും അളിയന്റെ സമ്മതംവാങ്ങി
ഒരു ദിവസം വല്യേച്ചി വിരുന്നു വരും
അന്ന് ഇളകുന്ന സാരിയുടെ ഞൊറികളില്‍ പിടിച്ച്
കാറ്റ് തിരിച്ചു വരും
വളകിലുക്കങ്ങളില്‍ നിന്ന് കിളികള്‍
പാട്ടുകള്‍ തിരിച്ചെടുക്കും.
അണ്ണാരക്കണ്ണന്മാര്‍
ഒറ്റദിവസത്തേക്ക് തിരിച്ചുവരും.
കണ്ണാടിയും കുളിമുറിയും
അനസൂയയും പ്രിയംവദയുമായി
വര്‍ത്തമാനങ്ങള്‍ ചോദിക്കും.
അടുപ്പ്ശ്വാസം തിരിച്ചറിഞ്ഞ്
ആളിക്കത്തും
വൈകുന്നേരം പോകുമ്പോള്‍
കണ്ണുനിറയും
എല്ലാര്‍ക്കും...

34 അഭിപ്രായങ്ങൾ:

 1. പണ്ട്, കുഞ്ഞായിരുന്നപ്പോൾ മാമ്പഴം കേട്ട് കരഞ്ഞപോലെ,
  ഇപ്പോൾ ഇത്ര ലളിതമായി കരയുവാൻ ഈ വായനയിലൂടെ കഴിയുന്നു,
  എനിക്ക് നഷ്ടപ്പെട്ട അനിയത്തിക്കൂട്ടും
  ഇതുപോലൊരു വിടവുകളിലൂടെ ഞാനും അറിയുന്നു; ഒരു പക്ഷെ, മാഷെക്കാൾ മുൻപ് ഞാനെഴുതേണ്ടിയിരുന്നത്!!

  എന്നാലും അളിയന്റെ സമ്മതംവാങ്ങി
  ഒരു ദിവസം വല്യേച്ചി വിരുന്നു വരും
  അന്ന് ഇളകുന്ന സാരിയുടെ ഞൊറികളില്‍ പിടിച്ച്
  കാറ്റ് തിരിച്ചു വരും
  വളകിലുക്കങ്ങളില്‍ നിന്ന് കിളികള്‍
  പാട്ടുകള്‍ തിരിച്ചെടുക്കും.
  അണ്ണാരക്കണ്ണന്മാര്‍
  ഒറ്റദിവസത്തേക്ക് തിരിച്ചുവരും.
  കണ്ണാടിയും കുളിമുറിയും
  അനസൂയയും പ്രിയംവദയുമായി
  വര്‍ത്തമാനങ്ങള്‍ ചോദിക്കും.
  അടുപ്പ്ശ്വാസം തിരിച്ചറിഞ്ഞ്
  ആളിക്കത്തും
  വൈകുന്നേരം പോകുമ്പോള്‍
  കണ്ണുനിറയും
  എല്ലാര്‍ക്കും...

  മറുപടിഇല്ലാതാക്കൂ
 2. കുറച്ചുനേരത്തേയ്ക്ക്
  വല്ല്യേച്ചി
  അളിയന്റെ സമ്മതം വാങ്ങി
  ഇവിടേയ്ക്കും
  വന്നു
  പിന്നെ
  തിരിച്ചുപോയി.........

  മറുപടിഇല്ലാതാക്കൂ
 3. കവി സഹോദരാ ഹ്രദ യാത്തെ സ്പര്‍ശിച്ചു. 2009 നവംബര്‍ ഒന്നിന്നു തിരുവനന്തപുരം ആര്‍ .സി .സി .യില്‍ വെച്ചുമരിച്ചു പോയ മൂത്ത പെങ്ങള്‍ ആയിഷമ്മുവിനെ ഓര്‍മവന്നു...

  മറുപടിഇല്ലാതാക്കൂ
 4. കിണറ്റിലേക്കോടുന്ന തൊട്ടിച്ചെത്തം

  പോലെ ആഴത്തിലേക്കിറങ്ങുന്നു വിഷ്‌ണു

  മറുപടിഇല്ലാതാക്കൂ
 5. വായിക്കുമ്പോൾ എന്തോ ഒന്ന് .. പറയാനാവാത്ത എന്തോ ഒന്ന് എന്നെ തൊട്ടുപോയി... മനോഹരമായ ഒരവസ്ഥയുണ്ടായി

  മറുപടിഇല്ലാതാക്കൂ
 6. വല്യേച്ചി മനസ്സില്‍ നിന്ന് പോകുന്നില്ല.

  മറുപടിഇല്ലാതാക്കൂ
 7. അന്ന് ഇളകുന്ന സാരിയുടെ ഞൊറികളില്‍ പിടിച്ച്
  കാറ്റ് തിരിച്ചു വരും - എത്രമാത്രം മനസ്സിനെ സ്പർശിക്കുന്നു എന്ന് പറയാൻ കഴിയുന്നില്ല വിഷ്ണു, എനിക്ക് പ്രിയങ്കരമായ മറ്റു രണ്ട് ചേച്ചിക്കവിത കൾക്കൊപ്പം (സച്ചിദാനന്ദന്റേയും വേണു വി. ദേശത്തിന്റേയും) ഞാനിത് നെഞ്ചിൽ ചേർത്തു വെയ്ക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 8. മാഷിനെ ഞാന്‍ ഉമ്മ വെച്ചിട്ടില്ല.
  ഒരുമ്മ തരുന്നു.

  മറുപടിഇല്ലാതാക്കൂ
 9. ജാടയില്ലാത്ത ജീവിതം നെഞ്ചിനെ നെരിപ്പോടാക്കുന്നു .........(ഒലക്കണ്ണട കണുമോ)

  മറുപടിഇല്ലാതാക്കൂ
 10. ജാടയില്ലാത്ത ജീവിതം നെഞ്ചിനെ നെരിപ്പോടാക്കുന്നു......(ഓലക്കണ്ണട കണുമോ?)

  മറുപടിഇല്ലാതാക്കൂ
 11. എനിക്കു വയ്യ...
  മലയാള കവിതേ നീ എത്ര ധന്യ.
  ബ്ലോഗെന്നാല്‍ ഇത്ര ഗൌരവമാണെന്നു കരുതീരുന്നില്ല ഞാന്‍...

  മറുപടിഇല്ലാതാക്കൂ
 12. ഒച്ചയനക്കം കെട്ട തെരുവില്‍നിന്ന് ഒച്ചയില്ലാത്തൊരു വിതുമ്പല്‍. അതിനപ്പുറം എങ്ങിനെ പറയും ഇക്കവിതയെ.

  മറുപടിഇല്ലാതാക്കൂ
 13. വല്യേച്ചിക്ക് സലാം! ഇടശ്ശേരിയുടെ വല്യേച്ചിമാരെ ഓര്‍ത്തു പോയി.

  മറുപടിഇല്ലാതാക്കൂ
 14. മാഷ് പുതുമയില്ല എന്നൊക്കെ പറഞ്ഞേക്കുമെങ്കിലും... ഇതിനൊരു സലാം :)

  മറുപടിഇല്ലാതാക്കൂ
 15. Sekhar Varier12/09/2011 10:46 AM

  nannayirikkunnu mashe, anubhavangal hridayathil thattunnathavumpol, vakkukalkkidayilum snehamenna vikaram padarunnu. abhinandanangal....... orikkal koodi.

  മറുപടിഇല്ലാതാക്കൂ
 16. ശരിക്കും ഇഷ്ടായി വരികള്‍.....ലളിതമായ എഴുത്ത്.

  മറുപടിഇല്ലാതാക്കൂ
 17. ശരിക്കും ഇഷ്ടായി വരികള്‍.ലളിതമായ എഴുത്ത്.

  മറുപടിഇല്ലാതാക്കൂ
 18. വായിച്ചു കഴിയുമ്പോഴും കണ്ണ് നിറയും.
  ചെറിയ ജീവിത പരിസരങ്ങളിലെ
  ഇത്തരം'വലിയ' ചേച്ചി മാര്‍ ഇന്നുണ്ടാവുമെന്നു
  തോന്നുന്നില്ല .

  മറുപടിഇല്ലാതാക്കൂ
 19. ithanu kavitha veyil polum valyechikku thala kaattum.

  മറുപടിഇല്ലാതാക്കൂ
 20. ഹാ,സുന്ദരം!നോക്കൂ,ചില കവിതകള്‍ ഒന്നും ബാക്കിവെക്കാറില്ല!ചിലതൊന്നു സ്പര്‍ശിച്ചു കടന്നുപോകും..ചുരക്കം ചിലത് ഇത് പോലെ മനസിന്‍റെ അടിത്തട്ടിനെ ഇളക്കിമറിച്ച് ,ശന്തമാകാതെ അങ്ങനെ നില്‍ക്കും.

  മറുപടിഇല്ലാതാക്കൂ
 21. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 22. ഇന്നത്തെ തലമുറയ്ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നല്ല കുറെ ചിത്രങ്ങള്‍ നന്നായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 23. സ്ത്രീ വിരുദ്ധം - ഒരു കണ്‍ഫ്യൂഷനുമില്ല; നല്ല കവിത. തികച്ചും മാനുഷികം മാത്രം.
  'അസ്തശങ്കമായ്. സ്വാഭാവിമായ്, സസ്നേഹമായ് , അത്രയുമനാര്‍ഭാടമായി....' എന്നു വൈലോപ്പിള്ളി.

  മറുപടിഇല്ലാതാക്കൂ
 24. വായിയ്ക്കുകയല്ല, കാണുകയാണുണ്ടായത് സത്യത്തിൽ...നന്ദി.

  മറുപടിഇല്ലാതാക്കൂ
 25. ഓര്‍മ്മയുടെ കിണറ്റിലെ തൊട്ടിചെത്തം... നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 26. valare nannyi. Abhinadanagal. vleyechi sangalpikamo yadarthyamo?

  മറുപടിഇല്ലാതാക്കൂ
 27. എനിക്ക് ചേച്ചിയില്ല.എന്റെ ചങ്ങാതിയുടെ ചേച്ചി ഈ കവിതയ്ക്കു പിന്നില്‍ ഉണ്ട്

  മറുപടിഇല്ലാതാക്കൂ
 28. സ്മാർട്ട് ഫാമിലിയിലാണ് ഈ കവിത ആദ്യം വായിക്കുന്നത്. ബ്ലോഗിലെ കവിത പൊതുവെ വായിക്കാറില്ലാത്തതിനാൽ കവിയെ അറിയുമായിരുന്നില്ല. വളരെയേറെ തവണ വായിച്ചു, ഓരോ തവണയും കരഞ്ഞു. ഇത് ഒരു ഒബ്സെഷൻ ആയപ്പോഴാണ് ബ്ലോഗിൽ തിരഞ്ഞതും കണ്ടതും. എനിക്കും ചേച്ചിയില്ല, പക്ഷെ..
  അഭിനന്ദിക്കുന്നില്ല, കാരണം അത് ഒന്നുമാവില്ല എന്നറിയുന്നതു കൊണ്ട്. നന്ദി.

  മറുപടിഇല്ലാതാക്കൂ

To listen you must install Flash Player.