gfc

സെക്കന്‍ഡ്‌ഷോ വിട്ടുപോവുന്നു

അനേകം ഉറക്കങ്ങളുടെ
ഒരു കറുത്ത നദിയാണ് രാത്രി.
അതിന്റെ നടുവില്‍ നിശ്ശബ്ദം ചലിക്കുന്ന ഒറ്റത്തോണി പോലെ
സെക്കന്‍ഡ്‌ഷോ വിട്ടുപോവുന്നു ഞാന്‍

മനുഷ്യര്‍ ഉറങ്ങുന്നു.
അവരെപൊതിഞ്ഞ് വീടുകള്‍ ഉറങ്ങുന്നു
ചുറ്റിലും മരങ്ങളും വള്ളികളും ഉറങ്ങുന്നു.

അനേകം ഉറക്കങ്ങളുടെ
കറുത്തുമൂകമായ നദി.
അതിന്റെ തീരത്തു നിന്ന്
ഒരു നായ കുരയ്ക്കുന്നു.
അതിന്റെ കുര ഒന്നിനെയും തൊടുന്നില്ല.
ആ വിസ്മയത്താല്‍ വര്‍ദ്ധിച്ച ഉത്കണ്ഠയോടെ
അത് കൂടുതല്‍ കുരയ്ക്കുന്നു.

ഉറക്കങ്ങളുടെ കുഞ്ഞരുവികള്‍
കൂടുകയും കുഴയുകയും അനന്തതയിലേക്ക്
ഒഴുകുകയും ചെയ്യുന്നു.
സിനിമാക്കഥ ഉറക്കത്തില്‍ ലയിപ്പിച്ച്
നിശ്ശബ്ദം ചലിക്കുന്നു ഞാന്‍.
വീട്ടുമുറ്റങ്ങളിലെ ഒറ്റപ്പെട്ട വെളിച്ചങ്ങള്‍
ഏകാന്തയെക്കുറിച്ചുള്ള ഒരു വിളറിനില്‍പ്പ്.

ഉണരുകയോ ഉറങ്ങുകയോ ചെയ്യാത്ത
എന്റെയീ ചലനം നിശ്ശബ്ദതകള്‍ കൊണ്ടും
നിശ്ചലതകള്‍ കൊണ്ടും പൊതിഞ്ഞുപൊതിഞ്ഞ്
അനശ്വരതയിലേക്ക് എടുത്തുവെക്കുന്നു ആരോ...

6 അഭിപ്രായങ്ങൾ:

  1. അനേകം ഉറക്കങ്ങളുടെ..നദിക്കരയില്‍ ഒറ്റക്ക്. നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. ഏറെ പരിചിതമായ ഒരു അനുഭവം പോലെ..

    മറുപടിഇല്ലാതാക്കൂ
  3. ഉണരുകയോ ,ഉറങ്ങുകയോ ചെയ്യാത്തവരുടെ ചലനങ്ങൾ....

    മറുപടിഇല്ലാതാക്കൂ
  4. ഗ്രാമത്തിലെ സിനിമാകൊട്ടകയിൽ നിന്ന് സെക്കന്റ് വിട്ട് നടക്കുമോഴുള്ള ഒരു മനസ്സിന്റെ ഏകാന്തക്കുളിർ കയറി വന്നു

    മറുപടിഇല്ലാതാക്കൂ
  5. മാഷേ ,
    മുന്‍പൊന്നും കണ്ടിട്ടില്ല ഈ അരികു ..

    മറുപടിഇല്ലാതാക്കൂ
  6. അനേകം ഉണര്‍വിലൂടെ സഞ്ചരിച്ചു വന്ന കവിത. കൊള്ളാം കവിസോദരാ.......

    മറുപടിഇല്ലാതാക്കൂ