gfc

ആരോ ഒരു ശില്പം കൊത്തുന്നതിന്റെ ഒച്ച

ഓരോ കല്ലിനകത്തും മനുഷ്യരുടെ ഒരു കാടുണ്ട്
ചരിത്രത്തില്‍ നിന്നും ഓടുന്നവര്‍ പിന്നെ
കല്ലുകളില്‍ കയറിയിരിക്കുന്നു.
പാറകളുടെ അകംചുവരുകളില്‍ പുറം ലോകത്തെ തിരഞ്ഞ്
അവരുടെ കണ്ണുകള്‍ ഉരസിക്കൊണ്ടിരിക്കും
പാറകള്‍ക്കുള്ളില്‍ പുതുലോകത്തിന്റെ ഒച്ചകളിലേക്ക്
അവരുടെ ചെവികള്‍ ചരിച്ചുവെച്ചുകൊണ്ടിരിക്കും.
ഒരുകൂട്ടം ശില്പികള്‍ ഉളികളും മഴുകളുമേന്തി
പ്രാകൃതരായ വനവേടരെപ്പോലെ കൂവിപ്പൊളിച്ച്
കല്ലുകളിലേക്ക് കൊത്തിയിറങ്ങിപ്പോകും.
പരതിക്കൊണ്ടിരിക്കുന്ന കണ്ണുകള്‍ ,പാര്‍ത്തിരിക്കുന്ന ചെവികള്‍
ഓടിയോടി ചരിത്രത്തില്‍ നിന്ന് പുറത്തായ കാലുകള്‍
തീ പോലെ ഇനിയും കെടാത്ത ചില ഹൃദയങ്ങള്‍
മനുഷ്യര്‍ ‍-മനുഷ്യര്‍ ‍- മനുഷ്യര്‍
ശരിക്കുള്ള മനുഷ്യര്‍ കല്ലുകള്‍ക്കകത്താണെന്ന്
ശില്പികള്‍ പറഞ്ഞുകൊണ്ടിരിക്കും.
അവരുടെ ഭാര്യമാരും മക്കളും മിത്രങ്ങളും
എന്തു നല്ല മനുഷ്യന്മാരായിരുന്നു
ഇനിയിപ്പോ പറഞ്ഞിട്ടെന്താ...എന്ന്
പറഞ്ഞു തുടങ്ങുമ്പോള്‍
ആരോ ഒരു ശില്പം കൊത്തുന്നതിന്റെ ഒച്ച
പരിസരത്തെപ്പോഴും കേട്ടുതുടങ്ങും
അദൃശ്യതയില്‍ അശ്രവ്യതയില്‍ ഒരു ശില്പം
ഉരുവപ്പെടുന്നുണ്ട്.
തെളിവുകളില്ലാതെ ഇക്കാലത്ത് ആരും
ഒന്നും വിശ്വസിക്കുകയില്ല.
നിങ്ങള്‍ ജീവിച്ചിരിക്കുന്നുവെന്നു പോലും
ആളുകളെ വിശ്വസിപ്പിച്ചെടുക്കാന്‍ നല്ല പാടാണ്.

കല്ലിനകത്തേക്ക് കൊത്തിക്കൊത്തിക്കയറിപ്പോയ ശില്പി
മനുഷ്യമഹാവനം കണ്ട് അന്തംവിട്ടു.
ആരെയെങ്കിലും ഈ അത്ഭുതം കാണിക്കാന്‍ തിടുക്കപ്പെട്ട്
പുറത്തേക്കിറങ്ങാന്‍ നോക്കി.
കൊത്തിക്കയറിയ വഴി കാണുന്നില്ല.
കല്ലിനകത്തെ മനുഷ്യവനത്തിലൂ‍ടെ
അയാള്‍ വേവലാതിപ്പെട്ട് ഓടി.
കല്ലിനുള്ളില്‍ അകപ്പെട്ട ശില്പി പിന്നെന്തു ചെയ്യും?
കല്ലില്‍ ചെവിചേര്‍ക്കൂ,കേള്‍ക്കാം
അയാള്‍ പുറത്തേക്ക് കൊത്തുന്ന ഒച്ച 

27 അഭിപ്രായങ്ങൾ:

  1. ഞാനും കേള്‍ക്കുന്നുണ്ട് ഇവിടെ നിന്ന് ആ ഒച്ച.

    മറുപടിഇല്ലാതാക്കൂ
  2. ശരിക്കുള്ള മനുഷ്യര്‍ കല്ലുകള്‍ക്കകത്താണെന്ന്
    ശില്പികള്‍ പറഞ്ഞുകൊണ്ടിരിക്കും.

    വെല്ലാത്ത ഒച്ചതന്നെ..

    മറുപടിഇല്ലാതാക്കൂ
  3. മാഷെ
    ഉളിയുടെ വീണ്ടും വീണ്ടുമുള്ള കൊത്തല്‍ പോലെ
    വായന.. വായന കൊണ്ട് ഈ കവിതയിലേക്കു
    കയറുവാന്‍ നോക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  4. കല്ലിനുള്ളിൽ എന്നും അകപ്പെടുകയാണല്ലോ ശിൽ‌പ്പികൾ...
    നേരിയ ഉളിശബ്ദങ്ങൾ മാത്രം പൂറത്ത്...

    മറുപടിഇല്ലാതാക്കൂ
  5. ശശി പറഞ്ഞതു ശരിയാണ് വീണ്ടും വീണ്ടും വായിക്കാന്‍ ആഗ്രഹിപ്പിക്കുന്ന കവിത.ഞാന്‍ തന്നെ എത്രയോ പ്രാവശ്യം ഇവിടെ വന്നു പോയി.

    മറുപടിഇല്ലാതാക്കൂ
  6. ഒന്നുകൂടി ഒന്നുകൂടി യെന്ന് എന്റെ ഉള്ളിലിരുന്നു കൊത്തുകയാണീ കവിത.. കൊത്തി കൊത്തി അകത്തേക്ക് കയറി കുടുങ്ങിപ്പോയിരിക്കുന്നു. ഇനി ഇതിനെ പുറത്തേയ്ക്കു വിടുന്നില്ല.
    നല്ലിഷ്ടായി. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  7. നല്ല രസമുണ്ട് സുഹൃത്തേ ഈ കവിത തെളിച്ച മനുഷ്യ മഹാ വനങ്ങളിലൂടെ ഇങ്ങനെ...!

    മറുപടിഇല്ലാതാക്കൂ
  8. കല്ലില്‍ ചെവിചേര്‍ക്കൂ,കേള്‍ക്കാം
    അയാള്‍ പുറത്തേക്ക് കൊത്തുന്ന ഒച്ച

    Exciting lines.. very challenging.. Congrats

    മറുപടിഇല്ലാതാക്കൂ
  9. പുറത്തേയ്ക്ക് കൊത്തുന്നതിന്റെ ഒച്ചയില്‍
    അകം വിറ കൊള്ളുന്നുണ്ട് ചങ്ങാതീ,
    നാളുകളായി കുടുങ്ങിപ്പോയ കല്ലിനുള്ളില്‍ നിന്നും
    ഈ കവിത കൊണ്ടു ഞാനും തിരിച്ചു കൊത്തി നോക്കട്ടെ.
    നന്ദി.

    മറുപടിഇല്ലാതാക്കൂ
  10. കവിത വായിച്ചു വരികള്‍ ഹൃദയത്തില്‍ മുഴങ്ങുന്നു. വായിച്ചാലും വായിച്ചാലും മതിവരാത്ത വരികള്‍.

    മറുപടിഇല്ലാതാക്കൂ
  11. അജ്ഞാതന്‍7/22/2010 4:16 PM

    "തെളിവുകളില്ലാതെ ഇക്കാലത്ത് ആരും
    ഒന്നും വിശ്വസിക്കുകയില്ല.
    നിങ്ങള്‍ ജീവിച്ചിരിക്കുന്നുവെന്നു പോലും
    ആളുകളെ വിശ്വസിപ്പിച്ചെടുക്കാന്‍ നല്ല പാടാണ്."
    അര്‍ത്ഥ സംഭുഷ്ട്ടം ഈ വരികള്‍ ...

    മറുപടിഇല്ലാതാക്കൂ
  12. വളരെ നന്നായി. മനുഷ്യനും കവിതയും എല്ലാം അപ്രസക്തമായിക്കൊണ്ടിരിക്കുന്ന വർത്തമാനത്തിലേക്ക് താങ്കളും ഞാനുമൊക്കെ കയറിപ്പോയിരിക്കുന്നു...തിരിച്ചു വരവുകൾ ഉണ്ടാകുമോ? ഇനി മറ്റാരെങ്കിലും നമ്മളെ കൊത്തിക്കൊത്തി പുറത്തെടുക്കേണ്ടി വരും

    മറുപടിഇല്ലാതാക്കൂ
  13. കവിതയില്‍ ഇല്ലാത്ത എന്തോ അത്ഭുതം നടന്നിരിക്കുന്നു.എന്റെ ഈ പൊട്ടക്കവിത ഒരു തരത്തിലും ഈ തുരുതുരാ കമന്റുകള്‍ അര്‍ഹിക്കുന്നില്ല.ആരാണവിടെ കൊത്തിക്കൊണ്ടിരിക്കുന്നത്....???

    മറുപടിഇല്ലാതാക്കൂ
  14. ഗ്രേറ്റ് മാഷേ...
    ശരിക്കുമിഷ്ടപ്പെട്ടു

    (പൊട്ടക്കവിത എന്ന് മാഷ്ക്കു പോലും ഇനി പറയാനാവില്ലല്ലോ)

    മറുപടിഇല്ലാതാക്കൂ
  15. ചെവിക്കുള്ളില്‍ മുഴങ്ങുന്നുണ്ട് ആ ഒച്ച...
    വളരെ ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  16. കവി പറയുന്നത് എന്തിനു വിശ്വസിക്കാതിരിക്കണം?

    മറുപടിഇല്ലാതാക്കൂ
  17. കാതോര്‍ത്തുകൊണ്ടേയിരിക്കാന്‍ പ്രേരിപ്പിക്കുന്നു...നന്ദി.

    മറുപടിഇല്ലാതാക്കൂ
  18. കവിത വായിച്ചു.
    കവിത പുതിയ ചില വര്‍ത്തമാനങ്ങള്‍ പറയുന്നു എന്നതു കൊണ്ടും വായനയെ പൊളിച്ചെടുക്കുന്നുവെന്നതുകൊണ്ട് ശ്രദ്ധേയമാകുന്നു ഇത്.
    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  19. ശ്വാസം പിടിച്ച്
    ഞാന്‍ ചെവി ചേര്‍ത്ത് വെച്ചിരിക്കുകയാണ് !
    വെള്ളച്ചാട്ടം പോലെ ഒരു കവിത !

    www.ilanjipookkal.blogspot.com

    മറുപടിഇല്ലാതാക്കൂ