gfc

തല














പഴയകഥയില്‍ ഞാനൊരു പട്ടാളക്കാരനാണ്.
ഒരു പെണ്ണിന്റെ ശവമേറ്റി കാട്ടിലൂടെ നടക്കുകയാണ്.
ആ പെണ്ണ് നീയാണ്.
രാത്രിയായപ്പോള്‍ ഞാനൊരു മരച്ചുവട്ടില്‍ കിടന്നു.
ഉറക്കത്തിനിടയില്‍ ഒരു തലയണ വേണമെന്നു തോന്നി.
നിന്റെ ശവം അരികിലുണ്ടല്ലോ
ഞാനതിന്റെ കാലില്‍ തല വെച്ചുകിടന്നു
നിന്റെ ജീര്‍ണിച്ച കാലെല്ലുകള്‍ എന്നെ വേദനിപ്പിച്ചു.
അവയുടെ വെളുവെളുപ്പ് വലിച്ചുനീട്ടി
വേണമെങ്കില്‍ ഒരു നിലാവുണ്ടാക്കാം.
എല്ലുകളുടെ ദുര്‍ഗന്ധമാണ് ദുര്‍ഗന്ധം.
ഞാന്‍ നിന്റെ വയറ്റില്‍ തലവെച്ചുകിടന്നു.
മാംസളമായ അനേകം പൂവുകള്‍
വിരിയുന്നതിന്റെ ഒരോര്‍മയും
ചീയുന്നതിന്റെ ഒരു മണവും ഉണ്ടായി.
സമയത്തിന് തിന്നാനോ വിസര്‍ജ്ജിക്കാനോ
പറ്റാത്തവരുടെ വയറാണ് വയറെന്ന്
നിന്റെ വയര്‍ ഒച്ചപ്പെട്ടുകൊണ്ടിരുന്നു.
ഞാന്‍ നിന്റെ ശവത്തിന്റെ
നെഞ്ചിലേക്ക് തലമാറ്റിവെച്ച് കിടന്നു.
നിന്റെ മുലകളില്‍ നിന്ന് കാട്ടുചോലകള്‍ പോലെ
പാലൊഴുകി വന്നു.
അതില്‍ അനേകം കുഞ്ഞുങ്ങള്‍ കരഞ്ഞുകൊണ്ട്
ഒഴുകിപ്പോവുന്നത് ഞാന്‍ കണ്ടു.
ഞാന്‍ നിന്റെ ഇടുപ്പില്‍ തലവെച്ചുകിടന്നു.
ഗര്‍ഭപാത്രത്തിന്റെ മണം അതില്‍ നിന്ന് ഇറങ്ങിവന്നു.
ഞാന്‍ എന്റെ അമ്മയെക്കുറിച്ച് ഓര്‍ത്തു.
അമ്മമാരെക്കുറിച്ച് ഓര്‍ക്കുന്നതിനേക്കാള്‍
ദുഃഖകരമായി മറ്റൊന്നുമില്ല.
ഞാന്‍ കണ്ണുതുറന്നു നോക്കി.
ദുഃഖവും എകാന്തതയും കുറ്റപ്പെടുത്തലും നിറഞ്ഞ
നിന്റെ കണ്ണുകളുടെ അനേകം പ്രതികള്‍ ആകാശത്ത്.
ഇറുകെ കണ്ണടച്ച് ഞാന്‍ നിന്റെ കവിളില്‍
തല വെച്ചു കിടന്നു.
നിന്റെ കണ്ണുകളില്‍ നിന്ന് കണ്ണീര്‍ ഒഴുകിവന്ന്
എന്റെ തലയൊലിപ്പിച്ചുകൊണ്ടുപോയി.
അതുണ്ടാക്കിയ വെള്ളപ്പൊക്കത്തിന് വഴികൊടുത്ത്
മരങ്ങളും ചെടികളും ഇപ്പോഴും ചാഞ്ഞുകിടപ്പുണ്ട്.
നിന്റെ ശവം ഞാനുപേക്ഷിക്കുന്നു
കിളികള്‍ കൊത്തിത്തിന്ന് കിളികളായും
വേരുകള്‍ തിന്ന് മരങ്ങളായും ചെടികളായും
മണ്ണ് തിന്ന് മണ്ണായും
വെയില്‍ തിന്ന് വെയിലായും
മഴ തിന്ന് മഴയായും
കാറ്റ് തിന്ന് കാറ്റായും
ജന്മാന്തരങ്ങള്‍ കഴിഞ്ഞും
നീയെന്നെ പിന്‍‌തുടരുമെന്നതിനാല്‍
തലയില്ലാത്ത ഈ ഉടലിലെ കാലുകള്‍
വലിച്ചുവെച്ച് ഞാനോടിക്കൊണ്ടിരിക്കുന്നു.
നിന്റെ കണ്ണീര്‍ ഒലിപ്പിച്ചുകൊണ്ടുപോയ എന്റെ തല
പുഴയോരത്തെ മുളങ്കൂട്ടത്തിലിരുന്ന്
ഇപ്പോള്‍ ഈ കഥ പറയുന്നു.

2 അഭിപ്രായങ്ങൾ:

  1. ആ കഥ കേള്‍ക്കുന്നവര്‍ നനയുന്ന മഴയില്‍
    നിറഞ്ഞ മണ്‍കുടം, എള്ള്, നനഞ്ഞ അരി,
    കെട്ട തിരിയിലെ പുക...
    '''ആരുണ്ടിനി''' എന്നൊരാര്‍ത്തനാദം!

    മറുപടിഇല്ലാതാക്കൂ
  2. നിന്‍റെ
    മുലകളില്‍ നിന്ന്
    കാട്ടുചോലകള്‍
    പോലെ
    പാലൊഴുകിവന്നു
    അതില്‍ അനേകം കുഞ്ഞുങ്ങള്‍
    കരഞ്ഞുകൊണ്ട് ഒഴുകിപോകുന്നത്...

    മറുപടിഇല്ലാതാക്കൂ