gfc

പുതുക്കല്‍

ജീവനില്ലാത്തവയും
സ്നേഹവും പരിഗണനയും
അര്‍ഹിക്കുന്നുണ്ട്.
രാവിലെ എഴുന്നേറ്റുവരുമ്പോള്‍
എന്നും മുഖം കഴുകാറുള്ള പൈപ്പ്
ആദ്യമായ് ശ്രദ്ധയില്‍ പെട്ടു.
എത്ര അടച്ചുപൂട്ടിയാലും
തുള്ളിവെള്ളം ഓരോ നിമിഷത്തിനും
അതു വിട്ടുകൊടുക്കുന്നു.
അതിന്റെ പഴകിക്കറുത്ത മുഖത്ത്
നോക്കി നിന്നപ്പോള്‍ അതിങ്ങനെ:
എത്രകാലമായ് ഞാന്‍ നിന്റെ മുന്നിലുണ്ട്!
വീട്ടിലുള്ളപ്പോഴൊക്കെ നീയെന്റെ അരികില്‍
വന്ന് മുഖം കഴുകുന്നു.
നീയെന്നെ പിടിക്കുന്നു,തിരിക്കുന്നു.
നിന്റെ മുഖംകഴുകുന്നു
അടയ്ക്കുന്നു,പോകുന്നു.
നീയെന്നെ നോക്കുന്നേയില്ല
നോക്കിയതേയില്ല
ഈ നിമിഷം വരെ.
നിനക്കിതെങ്ങനെ കഴിഞ്ഞു!
ജീവനില്ലാത്തതുകൊണ്ട്
എന്നെ പരിഗണിക്കേണ്ടതില്ലെന്ന്
എന്നെ സ്നേഹിക്കേണ്ടതില്ലെന്ന്
എങ്ങനെയോ ഒരറിവ് നിന്നില്‍ കടന്നു കൂടിയിട്ടില്ലേ?
നീ പോലുമറിയാതെ
നിന്നിലിങ്ങനെ പ്രവര്‍ത്തിക്കുന്ന
അറിവുകളെക്കുറിച്ച് നീയീപ്പോള്‍ അത്ഭുതപ്പെടുന്നു.
ഉറക്കം,ഉണര്‍വ്,സ്ഥിതി
ഇതെല്ലാം നിന്നെപ്പോലെ എനിക്കുമുണ്ട്.
വളഞ്ഞുകുത്തിയുള്ള ഈ നില്‍പ്പിനെക്കുറിച്ച്
ഒന്നാലോചിച്ച് നോക്കൂ.
അതിനും ഒരു ജീവിതമുണ്ട്...

പൈപ്പിന്റെ ഈ വക വര്‍ത്തമാനങ്ങള്‍ ‍കേട്ട്
മുറ്റത്തു കിടന്ന വര്‍ത്തമാനപ്പത്രത്തെ നോക്കിയപ്പോള്‍
എന്തുകൊണ്ടോ എനിക്കതിനെ അങ്ങനെ നോക്കാനായില്ല.
ഇന്നലെ വരെ വായിച്ച മട്ടില്‍ ഇന്ന് അതിനെ
വായിക്കാനാവില്ലെന്ന് എനിക്കു മനസ്സിലായി.
അറിവ് വലിയ പ്രശ്നമാണ്
അടുക്കളയിലെ കത്തിയെ നോക്കി
അനേകം മീനുകളെ അരിഞ്ഞിട്ടുണ്ട് അത്.
എച്ചില്‍ക്കിണ്ണങ്ങളെ നോക്കി
ചൂലിനെ നോക്കി
മുറത്തെ നോക്കി
ചുമരിനെയും ടൂത്ത്ബ്രഷിനെയും നോക്കി.
നോക്കുന്നതില്‍ അല്പം ശ്രദ്ധ കൊടുക്കുന്നത്
എത്ര ഭയാനകമായി പുതുക്കുന്നു ലോകത്തെ!

2 അഭിപ്രായങ്ങൾ:

  1. ഒരു പുത്തൻ ഉണർവ് ഈ പരിഗണനകളിലൂടെ ഉണ്ടാകട്ടെ അല്ലേ

    മറുപടിഇല്ലാതാക്കൂ
  2. എന്തൊരു കവിതയാണിത് മാഷേ!!!!
    ഇതുവായിക്കും മുൻപുള്ള ഞാൻ ഇനിയില്ല.

    മറുപടിഇല്ലാതാക്കൂ