gfc

കാട് മല പുഴ

കാടിനറിയില്ല കാടെന്താണെന്ന്
വിറകു പെറുക്കാന്‍ വരുന്ന പെണ്ണുങ്ങളോടും
ആനക്കൊമ്പൂരാന്‍ വരുന്ന കള്ളന്‍‌മാരോടും
കാട്  ചോദിക്കും കാടെന്താണെന്ന്

മലയ്ക്കറിയില്ല മലയെന്താണെന്ന്
ഉയരം മോഹിച്ചെത്തും ആരോഹകരോടും
മുട്ടിയുരുമ്മി നടക്കുന്ന മേഘങ്ങളോടും
മല ചോദിക്കും മലയെന്താണെന്ന്

പുഴയ്ക്കുമറിയില്ല പുഴയെന്താണെന്ന്
ഒഴുക്കിനെ മുറിച്ചുപോവുന്ന കാലുകളോടും
തന്റെ ഇടുക്കുകളിലും കക്ഷങ്ങളിലും  ഒളിച്ചു കളിക്കുന്ന
മീനുകളോടും പുഴയും ചോദിക്കും പുഴയെന്താണെന്ന്

ഉള്‍ക്കാട്ടില്‍ വെച്ച് കാടിന്റെ ചോദ്യം കേട്ട ചില പെണ്ണുങ്ങള്‍
പൊന്തയോ മരമോ ആയി.
വീട്,കെട്യോന്‍,കുട്ടികള്‍ എല്ലാം അവര്‍ മറന്നുപോയി.
മലമുകളില്‍ കാതുപൊട്ടുന്ന നിശ്ശബ്ദതയില്‍
ചോദ്യം കേട്ട ചെറുപ്പക്കാര്‍ താഴ്വരയിലേക്ക് ചാടിയെങ്കിലും
ഇതേ വരെ താഴെയെത്തിയിട്ടില്ല.
പുഴയുടെ കുറുക്കിയെടുത്ത മൌനത്തില്‍
പതുങ്ങി നില്‍ക്കുന്ന ചോദ്യത്തില്‍ തടഞ്ഞു വീണ യാത്രക്കാര്‍
എവിടെക്കെന്നില്ലാതെ ഇപ്പോഴും ഒഴുകി നടക്കുകയാണ്.

8 അഭിപ്രായങ്ങൾ:

  1. ചോദിക്കരുതെന്ന് എത്രയോര്‍‌ത്താലും
    കാടും മലയും പുഴയും ചോദിക്കും.
    ഉത്തരമാവരുതെന്ന് എത്ര കനത്താലും
    നമ്മള്‍ ഉത്തരമില്ലാത്ത ഉത്തരങ്ങളാവും...
    കാട്ടിലും മലയിലും പുഴയിലും
    നഷ്ടമാവും.

    മറുപടിഇല്ലാതാക്കൂ
  2. പുഴയുടെ കുറുക്കിയെടുത്ത മൌനത്തില്‍
    പതുങ്ങി നില്‍ക്കുന്ന ചോദ്യത്തില്‍ തടഞ്ഞു വീണ യാത്രക്കാര്‍
    എവിടെക്കെന്നില്ലാതെ ഇപ്പോഴും ഒഴുകി നടക്കുകയാണ്.

    നല്ല വായന.. കവിതയും...

    മറുപടിഇല്ലാതാക്കൂ
  3. ഒരു വിഷ്ണു മാഷ്‌ ടച്ചുണ്ട്‌ എങ്കിലും........മാഷില്‍ നിന്നും ഒരു പുതു വഴി വരാനുണ്ടെന്ന തോന്നിലിലാവാം

    മറുപടിഇല്ലാതാക്കൂ
  4. വായിക്കാമൊരു രസം,അതിനപ്പുറം കഴിയുന്ന താങ്കളിൽ നിന്നും...

    മറുപടിഇല്ലാതാക്കൂ