gfc

കാഴ്ചയുടെ അതാര്യസ്തരം ഒന്നു പൊട്ടിക്കയേ വേണ്ടൂ


നൂറ്റാണ്ടുകളെ കുഴിച്ചെടുക്കുന്ന
ഒരു യന്ത്രം ഇന്നലെ ഉറക്കത്തില്‍ എനിക്ക് കിട്ടി.
നേരം വെളുക്കുന്നതിനു മുന്‍പ്
മറ്റാരും കാണാതെ
കാപ്പിത്തോട്ടത്തില്‍ ഖനനം തുടങ്ങി
ഓരോരോ നൂറ്റാണ്ടുകള്‍ കുഴിച്ചുമൂടിയവ
പുറത്തേക്കു വന്ന് പിന്നിട്ട നൂറ്റാണ്ടിലെ
ജീവിതം അതേപടി തുടര്‍ന്നു
വീടുകള്‍,പാതകള്‍,പൂന്തോട്ടങ്ങള്‍
കൊട്ടാരങ്ങള്‍ ,മണിമാളികള്‍,കൃഷീവലര്‍
സൈനികര്‍,യുദ്ധോപകരണങ്ങള്‍,കാടുകള്‍
ജലപാത്രങ്ങള്‍,മന്ത്രവാദികള്‍...

കാഴ്ചയുടെ ഒരു അതാര്യസ്തരം
ഒന്നു പൊട്ടിക്കയേ വേണ്ടൂ
ഒരിക്കലും തുറക്കാത്ത ആ ജനല്‍
ഒന്ന്ന്നു തുറക്കുകയേ വേണ്ടൂ
കാലം ഒന്നല്ല പലതാണെന്നും
ഓരോരോ കാലത്തിനും
അതാതിന്റെ ജീവിതം നയിക്കാനുള്ള
ഇടമുണ്ടെന്നും ബോധ്യമാവും
ഒരു കാലവും മരിച്ചിട്ടില്ല
ഓരോന്നും അതായി ജീവിക്കുന്നു
അതിലൊന്നില്‍ അനേക വീടുകളിലൊന്നില്‍
ഞാനെന്നെ വിക്ഷേപിച്ചു
നദികളിലൂടെ നീന്തി കരപറ്റി
കൊടുങ്കാടുകളിലെ ചെങ്കുത്തായ കയറ്റങ്ങള്‍ കയറി
ഒരു മന്ത്രവാദിയുടെ താവളത്തിലെത്തി
അയാളെനിക്ക് എടുത്താല്‍ തീരാത്തത്ര
കണ്ണുകളുടെ ഒരു കുട്ട തന്നു
ഞാനതുമായി നടന്നു നടന്ന്
എന്റെ കാപ്പിത്തോട്ടത്തില്‍ തിരിച്ചെത്തി
നൂറ്റാണ്ടുകള്‍ കുഴിച്ചെടുക്കുന്ന യന്ത്രം
കുഴിയിലിട്ടുമൂടി
ഒച്ചയുണ്ടാക്കാതെ വീട്ടില്‍ ചെന്നു
മൂന്നുദിവസം ഒരു മുറിയില്‍ വെച്ചുപൂട്ടി
എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല
കണ്ണുകള്‍ എന്നെ വിളിച്ചുകൊണ്ടിരുന്നു
ആരോ നിങ്ങളെ വിളിക്കുന്നുണ്ടെന്ന്
വീട്ടിലുള്ളവര്‍ എപ്പോഴും സംശയം പറഞ്ഞു
ആരേയും കണ്ടതുമില്ല
നാലാമത്തെ ദിവസം പ്രഭാതത്തില്‍ ഞാനാ മുറി തുറന്നു
ആ മുറി നിറയെ പരതിനടക്കുകയാണ് കണ്ണുകള്‍
അടച്ചിട്ട ജനലിന്റെ അഴികളില്‍
മുകളിലെ ഉത്തരത്തില്‍ ,കഴുക്കോലില്‍ എല്ലാം
അവ പറ്റിപ്പിടിച്ച് ഇരിക്കുന്നു
എല്ലാത്തിനോടും
ഞാന്‍ കുട്ടയില്‍ കയറിയിരിക്കാന്‍ പറഞ്ഞു
അവ അനുസരിച്ചു
കുട്ടയുമെടുത്ത് ഞാന്‍ പുറത്തേക്കിറങ്ങി
താഴ്വരയിലെ വള്ളിച്ചെടികളുടെ ഇലകള്‍ക്കു പകരം
കണ്ണുകളായാലെന്തെന്ന് ഞാന്‍ ചിന്തിച്ചു
വള്ളിച്ചെടികള്‍ ഇലകള്‍ക്കു പകരം
കണ്ണുകള്‍ ഇളക്കി നിന്നു
ഞാന്‍ പിന്നെയും നടന്നു
നിര്‍ജ്ജീവമായ പാതയെ
ഞാന്‍ ദയാപുരസ്സരം നോക്കി
അത് കണ്ണുകളുടെ ഒരു പാതയായിത്തീര്‍ന്നു
കണ്ണുകള്‍ കൊണ്ട് ഞാന്‍ ലോകത്തെ പുതുക്കി
കണ്ണുകള്‍ ചേര്‍ത്തുവെച്ച് മനുഷ്യരെ ഉണ്ടാക്കി
കണ്ണുകള്‍ അടുക്കിയടുക്കി ബഹുനിലക്കെട്ടിടങ്ങള്‍ ഉണ്ടാക്കി
മഴയത്ത് ഉടമസ്ഥന്‍ അഴിച്ചുകൊണ്ടുപോവാതെ
കരഞ്ഞുകൊണ്ടിരിക്കുന്ന ആ പശു വരെ ഇപ്പോള്‍
കണ്ണുകള്‍ കൊണ്ട് ഉണ്ടാക്കിയതാണ്
കണ്ണുകളുടെ പാതയിലൂടെ
കണ്ണുകളുടെ കെട്ടിടങ്ങള്‍ കടന്ന്
കണ്ണുകളുടെ പാലത്തിലൂടെ
കണ്ണുകളുടെ ഒരു നദി കണ്ട്
കണ്ണുകള്‍ നിറഞ്ഞ മരങ്ങളും താഴ്വരകളും കടന്ന്
കണ്ണുകളുടെ ഒരു ജലപാതത്തിലേക്ക് തെന്നിവീണു
എന്റെ കുട്ടയും ഞാനും
കോടിക്കണക്കിന് കണ്ണുകളായി ചിതറി
കാടിന്റെ പച്ചയ്ക്കും ആകാശത്തിന്റെ നീലയ്ക്കുമിടയില്‍ ...

2 അഭിപ്രായങ്ങൾ:

  1. കോടികളായ് ചിതറുന്ന കാഴ്ച്ചയുടെ കണ്ണുകള്‍
    വളരെ ഈടുറ്റ വായന!

    മറുപടിഇല്ലാതാക്കൂ
  2. കാഴ്ചയുടെ കണ്ണുകൾ.. കണ്ണുകളുടെ കണ്ണുകൾ...
    നന്നായി.

    മറുപടിഇല്ലാതാക്കൂ