gfc

മഞ്ഞ നിറമുള്ള ഏകാന്തതയില്‍ പച്ചനിറമുള്ള പക്ഷി

ഏകാന്തയുടെ നിറം ഏതാണ്?
മഞ്ഞ നിറമുള്ള ഏകാന്തതയില്‍
പച്ചനിറമുള്ള ഒരു പക്ഷിയെ സങ്കല്പിച്ചുനോക്കി
വയലറ്റ് നിറമുള്ള ഏകാന്തതയില്‍
ചുവന്ന ആപ്പിളിന്റെ മോഡലിങ് സങ്കല്പിച്ചുനോക്കി
നീലത്തലേക്കെട്ടുള്ള ഒരു നട്ടുച്ച
പറക്കുന്ന കൊറ്റിയുടെ വെള്ളത്തോര്‍ത്ത് വീശി
പച്ചനിറമുള്ള പാടത്ത് നില്‍ക്കുന്നു
ഏകാന്തത എന്ന ദ്വീപിലേക്ക്
നിങ്ങള്‍ നിങ്ങളെ നാടുകടത്തുന്നു
ആരും കരയുന്നില്ല
പിന്നാലെ വരുന്നില്ല
ആരോ കരയുന്നുണ്ടെന്ന്
പിന്നാലെ വരുന്നുണ്ടെന്ന് സങ്കല്പിക്കുന്നു
പിന്നാലെ വരുന്നവര്‍ മങ്ങിമങ്ങി മറയുന്നു
കരച്ചിലുകള്‍ നേര്‍ത്തുനേര്‍ത്ത് ഇല്ലാതാവുന്നു
ഇപ്പോള്‍ നിങ്ങള്‍ ഏകാന്തതയിലാണ്
നിങ്ങള്‍ തന്നെയാണ് ഏകാന്തത
ഏകാന്തത സഹിക്കവയ്യാതെ
എല്ലാ നിറങ്ങളും ഇറങ്ങിപ്പോകുന്നു
പച്ചനെല്‍പ്പാടത്തു നിന്ന് പച്ച
തെളിനീലമാനത്തു നിന്ന് നീല
മേശപ്പുറത്തെ ചുവന്ന ആപ്പിളില്‍ നിന്ന് ചുവപ്പ്
വയലറ്റ് ജനല്‍‌വിരികളില്‍ നിന്ന് വയലറ്റ്
റോസാപ്പൂക്കളില്‍ നിന്ന് റോസ്
ഇറങ്ങിപ്പോകാത്ത രണ്ടു നിറങ്ങള്‍
ബാക്കിയാവുന്നു ;കറുപ്പും വെളുപ്പും
അവയും ഇറങ്ങിപ്പോയിട്ടുണ്ടാവാം
ഈ ഇറങ്ങിപ്പോക്കിനെ
കറുപ്പിലും വെളുപ്പിലും ആവിഷ്കരിച്ച്
കറുപ്പിന്റെയും വെളുപ്പിന്റെയും
ഒരു തോന്നല്‍ മാത്രം അവശേഷിപ്പിച്ച്
അവയും ഇറങ്ങിപ്പോയിട്ടുണ്ടാവാം
നിങ്ങള്‍ അവയുടെ പിന്നാലെ പോകുന്നില്ല
ആരുടെയും പിന്നാലെ പോകുന്നില്ല
നിങ്ങള്‍ ഏകാന്തത
ഏകാന്തത നിങ്ങള്‍
കാറിന്റെ ചില്ലുജാലകത്തില്‍
ഒലിച്ചിറങ്ങുന്ന മഴയില്‍
നിറങ്ങളും രൂപങ്ങളും ചോര്‍ന്നുപോവുമ്പോലെ
അകത്തുപെയ്യുന്ന ഒരു മഴയിലേക്ക്
പുറത്തുനിന്നു നോക്കുന്നു നിങ്ങള്‍
ഉടഞ്ഞ മരക്കൂട്ടങ്ങള്‍
ഉടഞ്ഞ മനുഷ്യാകൃതികള്‍
ഉടഞ്ഞ നടപ്പാത
ഉടഞ്ഞുടഞ്ഞുടഞ്ഞ്...
കാഴ്ചകള്‍ മുന്നോട്ടു നടക്കാനാവതെ
മഴയില്‍ കുഴഞ്ഞുവീഴുന്നു
നിങ്ങള്‍ക്കിരുപുറവും ബ്ലോക്കായ വാഹനങ്ങള്‍
ഹോണടിക്കുന്നു
അവയുടെ തീവ്രവെളിച്ചങ്ങള്‍ പരസ്പരം
വെട്ടിക്കൊണ്ടിരിക്കുന്നു
എല്ലാ വാഹനങ്ങളില്‍ നിന്നും ഇറങ്ങിവന്ന ആളുകള്‍
നിങ്ങളുടെ ചുറ്റിലും കൂടി നില്‍ക്കുന്നു

2 അഭിപ്രായങ്ങൾ:

  1. മാഷേ...കവിതയില്‍ പച്ചയും നീലയും ചുവപ്പും നിറമുള്ള ആഫ്രിക്കന്‍ തത്തകള്‍ വന്നിരിക്കുന്നത് പോലെ ഏകാന്തത. എഴുത്തില്‍ പ്രകടമായ മാറ്റം കാണുന്നുണ്ട്. കൂടുതല്‍ ഏകാന്തതകള്‍ ക്കായി കാത്തിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. മാഷേ..
    എതാണ്ട് ഞാനും ഇതേ അവസ്ഥയിലാണു..നന്നായി.

    മറുപടിഇല്ലാതാക്കൂ