gfc

ചുറ്റുന്നവര്‍

ഒരു മെഴുകുതിരി നക്ഷത്രത്തിനോട്
വര്‍ഗ്ഗപരമായ ഒരു സ്വകാര്യം പറയുന്നു:
നാമൊന്നാണ്...”
നക്ഷത്രം ഗൌരവം നടിച്ച്
പുഞ്ചിരിച്ചു.
മെഴുകുതിരി തുടര്‍ന്നു:
നിനക്കു ചുറ്റും ഗ്രഹങ്ങള്‍ ,
എനിക്കു ചുറ്റും ഈ പ്രാണികള്‍ .”
നക്ഷത്രത്തിന്റെ
പുഞ്ചിരി മാഞ്ഞു.
മെഴുകുതിരി തുടര്‍ന്നു:
നീ പൊട്ടിത്തെറിച്ചാലും
എരിഞ്ഞു തീര്‍ന്നാലും
ഒരിരുള്‍മടയായി
നിന്നെ നിന്റെ ഗ്രഹങ്ങള്‍
നിലനിര്‍ത്തും.
നിന്റെ ഇല്ലായ്മ
അവരറിയില്ല.”
നക്ഷത്രം പ്രസന്നനായി.
മെഴുകുതിരി തുടര്‍ന്നു:
എന്റെയീ പ്രകാശപരിസരം
നഷ്ടപ്പെട്ടാല്‍ ഈ പ്രാണികള്‍
എന്നെയോര്‍ത്ത് നിത്യ വ്യസനത്തിലാവും.
ചിലര്‍ ആത്മഹത്യ ചെയ്യും.
എനിക്കു ചുറ്റും കറങ്ങാനേ
അവര്‍ക്കറിയൂ...
ഞാനില്ലാതായാല്‍
അവരെവിടെയാണ്
കറങ്ങുക?”
അപ്പോള്‍ ഒരു കാറ്റു വന്നു.
നക്ഷത്രം കണ്ണുകളടച്ചു.
മെഴുകുതിരി
അണഞ്ഞുവോ...?

8 അഭിപ്രായങ്ങൾ:

  1. മാഷെ ,
    കവിത നന്നായി ,


    എന്നാല്‍ ശരിക്കങ്ങോട്ട് ആസ്വദിക്കാനായില്ല,

    ഒരു പൂര്‍ണ്ണറ്റയില്ലാത്തപോലെ , അവസാനത്തെ ചോദ്യം കൊണ്ടാണോ ? അറിയില്ല!

    എന്‍റ്റെ കുഴപ്പം :(

    മറുപടിഇല്ലാതാക്കൂ
  2. ഇവിടെ മെഴുകുതിരിക്ക് തെറ്റി മാഷേ(അതോ എനിക്കോ)

    1.നാമൊന്നാണ് എന്നല്ല നമ്മൊളൊരു പോലെ എന്നല്ലേ വേണ്ടത്.
    2.നക്ഷത്രം ഇല്ലാതെയായാല്‍ ഗ്രഹങ്ങള്‍ വേറെ ഭ്രമണ പഥം തേടില്ലേ.നക്ഷത്രത്തില്‍ നിന്നുള്ള ചൂടും വെളിച്ചവുമില്ലാതെ ഗ്രഹങ്ങള്‍ നിലനില്‍ക്കുമോ?
    3.ഒരു മെഴുകുതിരി കെട്ടാല്‍ വേറെ തിരി കത്തില്ലേ പ്രാണികള്‍‌‍ക്കായി?

    കഥയില്‍ ചോദ്യമില്ല എന്നതു പോലെ കവിതയില്‍ ചോദ്യം പാടില്ല എന്നുണ്ടെങ്കില്‍ ഞാനോടി.

    മറുപടിഇല്ലാതാക്കൂ
  3. വല്യമ്മായീ,നാമൊന്നാണ് എന്നാല്‍ വര്‍ഗ്ഗപരമായി നാമൊന്നാണ് എന്നു തന്നെ.കാമുകീ കാമുകന്മാരും പറയാറില്ലേ...നാമൊന്നാണ് എന്ന്.അവിടെയും ചെല്ലുമോ...വ്യാകരണം കൊണ്ട്‌...:)
    തമോഗര്‍ത്തം(black hole) എന്നു കേട്ടിട്ടില്ലേ...
    നക്ഷത്രങ്ങള്‍ ഇല്ലാതായാലും ഒരു ആകര്‍ഷണകേന്ദ്രമായി അവശേഷിക്കുമെന്ന് വായിച്ചിട്ടുണ്ട്.
    അതാണ് അടിസ്ഥാനം.നക്ഷത്രത്തിന്റെ ചൂടൊ വെളിച്ചമോ അല്ല ഗ്രഹങ്ങളെ നിലനിര്‍ത്തുന്നത്...

    മറുപടിഇല്ലാതാക്കൂ
  4. വിഷ്ണു,
    ലളിതമായ പുറംചട്ടയ്ക്കുള്ളില്‍ ഗഹനമായ എന്തൊക്കെയോ ഒളിച്ചുവച്ച് ചുറ്റുന്ന ഈ കവിത
    വളരെ പിടിച്ചു.

    മറുപടിഇല്ലാതാക്കൂ
  5. മാഷേ,
    ഒരു കാറ്റ് വന്നു... നക്ഷത്രം എന്തേ കണ്ണടച്ചത്?എന്തോ..അവിടെ കണ്ണടക്കണ്ടായിരുന്നു എന്ന് തോന്നി.

    കെ.പി.

    മറുപടിഇല്ലാതാക്കൂ
  6. ഭാഷയെ പ്രതിയും വാദിയും ആക്കിയ മാഷ് ഇതും ചെയ്യും ഇതില്‍ അപ്പുറവും ചെയ്യും.

    മറുപടിഇല്ലാതാക്കൂ
  7. അത്രയ്ക്കാലോചിച്ചില്ല മാഷേ,എത്രനാള്‍ ആ ആകര്‍ഷണം നിലനില്‍ക്കും എന്നതിനെ കുറിച്ച് എനിക്കിപ്പോഴും സംശയമുണ്ട്,കൂടുതല്‍ വിവരങ്ങള്‍ തപ്പട്ടെ.

    മെഴുകുതിരി കെടുമെന്ന് പേടിച്ചാകുമല്ലേ നക്ഷത്രം കണ്ണടച്ചത്?

    ആദ്യത്തെ ഉത്തരത്തില്‍ ഞാനിപ്പോഴും യോജിക്കുന്നില്ല.

    മറുപടിഇല്ലാതാക്കൂ